ന്യൂഡൽഹി: കനത്ത മഴയിലും ഇടിമിന്നലിലും ബീഹാറിലും യു.പിയിലും 107 പേർ മരിച്ചു. ബീഹാറിൽ 83 പേരും യു.പിയിൽ 24 പേരുമാണ് മരിച്ചത്. ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു.ബീഹാറിൽ കനത്ത നാശനഷ്ടമാണ് ചില ഭാഗങ്ങളിലുണ്ടായിരിക്കുന്നതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 23 ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഗോപാൽഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം. 15 പേർ ഇവിടെ മരിച്ചതായി സർക്കാർ അറിയിച്ചു. ഓരോ ജില്ലയിലും ചുരുങ്ങിയത് 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം സഹായം മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. അടുത്ത കുറച്ച് ദിവസങ്ങൾ കൂടി കനത്ത മഴയും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. പരക്കെ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. ഉത്തർപ്രദേശിൽ ചിലയിടങ്ങളിലും സാരമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി