pic

ന്യൂഡൽഹി: ഗൽവാൻ താഴ്‌വരയിൽ ഈ മാസം 15നു നടന്ന സംഘർഷത്തിനിടയിൽ ചൈനീസ് സേനയുടെ പിടിയിലായ 10 ഇന്ത്യൻ പട്ടാളക്കാരെ വിട്ടുകിട്ടിയത് മൂന്നു ദിവസത്തിനുശേഷം. ഈ മാസം 16 മുതൽ 18 വരെ നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ചൈന വഴങ്ങിയത്.


ഇന്ത്യ 16നു രാവിലെത്തന്നെ ഒരു ഡസനോളം ചൈനീസ് സൈനികരെ കൈമാറിയെങ്കിലും 24 മണിക്കൂറിനുശേഷമാണ് 50 സൈനികരെ ചൈന ഇന്ത്യക്ക് വിട്ടുതന്നത്.സംഘർഷം തുടരുന്ന പാംഗോങ് മേഖലയിൽ എട്ട് കിലോമീറ്റർ അതിക്രമിച്ചു കയറിയ ചൈന, നാലാം മലനിരയിൽ ടെന്റുകളടക്കം സ്ഥാപിച്ചിട്ടുണ്ട്. ഗൽവാൻ, ഹോട് സ്പ്രിങ്സ്, ഡെപ്സാങ് എന്നിവിടങ്ങളിലെ തർക്കം പരിഹരിച്ചശേഷം പാംഗോങ്ങിലെ കാര്യം പരിഗണിക്കാമെന്ന നിലപാടിലാണു ചൈന. സംഘർഷം ഏറ്റവും മൂർധന്യാവസ്ഥയിലുള്ളത് പാംഗോങ്ങിലാണ്.

നാല് ഓഫീസർമാരുൾപ്പെടെ 10 സൈനികരെ കൈമാറാൻ പിന്നെയും മൂന്നു ദിവസമെടുത്തു. സംഘർഷത്തിൽ ഇന്ത്യക്ക് കേണലടക്കം 20 സൈനികരെയാണ് നഷ്ടമായത്. ഇതിൽക്കൂടുതൽ പേർ ചൈനയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറയുന്നു.