വാഷിംഗ്ടൺ: ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങൾക്ക് മേൽ സൈനിക അധിശത്വം നേടാനുള്ള ചൈനയുടെ പീപ്പീൾസ് ലിബറേഷൻ ആർമിയുടെ നീക്കങ്ങൾ അതീവ ഗൗരവമായിട്ടാണ് കാണുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ചൈനയുടെ സൈനിക വിഷയത്തിൽ കടുത്ത വിമർശനവുമായി മൈക്ക് പോംപിയോ എത്തുന്നത് ശക്തമായ നടപടികളിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യക്കെതിരെ ചൈന അതിർത്തിയിൽ ഉണ്ടാക്കിയ സംഘർഷത്തിൽ ആദ്യം മദ്ധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ അമേരിക്കയുടെ നയം മാറുന്നതായാണ് സൂചന. ചൈനയുടെ സൈന്യത്തിനെതിരെ ശക്തമായ വാക്കുകളാണ് മൈക്ക് പോംപിയോ ഉപയോഗിച്ചിരിക്കുന്നത്. 'ചൈനയുടേത് സൈനിക പ്രകോപനങ്ങളാണ്. അതിർത്തിയിൽ അതീവഗുരുതരാവസ്ഥ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ഇതെല്ലാം ഇന്ത്യക്ക് നേരെ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കൃത്യമായ നീക്കമായി അമേരിക്ക വിലയിരുത്തുകയാണ്. ഇന്ത്യയോടും വിയറ്റ്നാമിനോടും മറ്റ് നിരവധി അയൽരാജ്യങ്ങളോടും ചൈനയുടെ നടപടി സമാനമാണ്' മൈക്ക് പോംപിയോ പറഞ്ഞു.
എല്ലാ രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി ചൈനയുടെ നടപടികളെ വിലയിരുത്തി. എല്ലാവരും ചൈനയുടെ സൈനിക നടപടിയുടെ ഗൂഢനീക്കങ്ങളെ വിമർശിക്കുകയാണ്. തെക്കൻ ചൈനാ കടലിലെ പടയൊരുക്കത്തെ യൂറോപ്യൻ യൂണിയൻ ആശങ്കയോടെയാണ് കാണുന്നത്. ഇന്ത്യയടക്കമുള്ള തികച്ചും ശാന്തമായ അയൽരാജ്യങ്ങളോടുപോലും ചൈനയുടെ സൈനിക നീക്കം ഏറെ അപലപനീയമാണെന്നും പോംപിയോ ചൂണ്ടിക്കാട്ടി.
ഇത്തരം മേഖലകളിൽ അമേരിക്കയുടെ സന്നാഹം കുറവാണ്. അതിനെ ചൈനകുറച്ചു കാണരുത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പെസഫിക് മേഖലയിൽ വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ എന്നിവർക്കെതിരെ ചൈനയുടെ ഭാഗത്തുനിന്നും അനാവശ്യ പ്രകോപനങ്ങളാണുള്ളത്. അതിനെ പ്രതിരോധിക്കാൻ വേണ്ട എല്ലാ നടപടികളും എടുക്കുമെന്ന മുന്നറിയിപ്പും പോംപിയോ നൽകി.