കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ ബ്ലാക്ക്മെയിലിംഗ് സംഘത്തിനെതിരെ കൂടുതൽ പരാതികളുമായി യുവതികൾ രംഗത്ത്. എറാണാകുളം സ്വദേശികളായ ഇവന്റ് മാനേജ്‌മെന്റ് ടീമിലുള്ള രണ്ട് സ്ത്രീകളാണ് ഇവർക്കെതിരെ ഒടുവിൽ പരാതി നൽകിയിരിക്കുന്നത്. മാർച്ച് എട്ടിന് വാളയാറിലെ ഒരു ഹോട്ടലിൽ ഇവരെ പൂട്ടിയിട്ട ശേഷം, സംഘം പണവും സ്വർണവും അപഹരിച്ച് മുങ്ങി എന്നാണ് പരാതി.
സംഭവം നടന്നത് വാളായാർ ആയതിനാൽ കേസ് പാലക്കാട് പൊലീസിന് കൈമാറിയേക്കും.
തട്ടിക്കൊണ്ടുപോകലിനും മനുഷ്യക്കടത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്. ഷംനയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കൂടുതൽ പേർ പരാതിയുമായെത്തിയത്. ആലപ്പുഴ സ്വദേശിയായ നടിയും, കൊച്ചി കടവന്ത്ര സ്വദേശിയായ മോഡലും, മറ്റൊരു യുവതിയുമാണ് പരാതിയുമായി എത്തിയത്.
അതേസമയം വലയിൽ വീണവരെ ലൈംഗികമായി ദുരുപയോഗം ചെയ്തതായും പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. വിവാഹ ആലോചനയെന്ന വ്യാജേന ഷംന കാസിമിനെ സമീപിച്ച സംഘം സ്വർണ ബിസിനസിൽ താത്പര്യമുണ്ടോയെന്ന് ഫോണിൽ തിരക്കിയിരുന്നു. ഇതാണ് സ്വർണകടത്തിൽ ഇവർക്ക് ബന്ധമുണ്ടോയെന്ന സംശയമുണ്ടാകാൻ കാരണം. നടിമാരെ വലയിലാക്കി സ്വർണക്കടത്തിന് ഉപയോഗിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആലപ്പുഴ സ്വദേശിയിൽ നിന്ന് അഭിനയിക്കാൻ അവസരം നൽകാമെന്നറിയിച്ച് പതിനായിരം രൂപയും, കൊച്ചി സ്വദേശിനിയിൽ നിന്ന് സ്വർണവും തട്ടിയെടുത്തിട്ടുണ്ട്. സിനിമ, മോഡലിംഗ് രംഗത്തെ നടിമാരുടെ നമ്പർ കണ്ടെത്തി ഇവരെ ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിക്കും. പേരെടുത്ത കുടുംബക്കാരാണെന്നും ബിസിനസുകാരാണെന്നുമെല്ലാമാണ് ഇവർ ഇരകളെ അറിയിച്ചിരുന്നത്. സിനിമയിൽ അവസരം വാങ്ങി നൽകാമെന്നറിയിക്കുന്നതോടെ ഇവരുടെ വലയിൽ ഭൂരിഭാഗം പെൺകുട്ടികളും വീഴും. ശേഷമാണ് സ്വർണക്കടത്ത് സംഘത്തിന് എസ്‌ക്കോട്ട് പോകാൻ നിർദേശിക്കുന്നത്. വലിയ തുക കമ്മിഷനായി വാഗ്ദ്ധാനംചെയ്യും. ഇതിൽ വീഴുന്നവരോട് സ്വർണക്കടത്ത് ബിസിനസിൽ തുക നിക്ഷേപിക്കാൻ പറയും. കൂടുതൽ പണം ഇതിലൂടെ സമ്പാദിക്കാമെന്ന് അറിയിക്കും. ശേഷം ബിസിനസിനായി പെൺകുട്ടികളിൽ നിന്ന് സ്വർണവും പണവും വാങ്ങും. ഇതിനുശേഷം മുങ്ങുന്നതാണ് പ്രതികളുടെ രീതി.