ladakhr

ന്യൂഡൽഹി: അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലും റോഡ് നിർമ്മാണത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ. 100 മുതൽ 170 ശതമാനം വരെയാണ് ശമ്പള വർദ്ധന. സംഘർഷം നടന്ന ലഡാക്കിലെ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ‌ക്കാണ് ഏറ്റവുമധികം ശമ്പളം കൂടുക. ശമ്പള വർദ്ധനവിന് പുറമേ കരാറനുസരിച്ച് ജോലി ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പോളിസിയും നടപ്പാക്കി. യാത്രാ ബത്ത, ക്ഷാമ ബത്ത, പ്രൊവിഡന്റ് ഫണ്ട് എന്നിവയും ഇവർക്ക് ലഭിക്കും.

നാഷണൽ ഹൈവേസ് & ഇൻഫ്രാസ്‌ട്രക്ചർ ഡെവലപ്മെന്റ് കോർപറേേഷൻ ലിമിറ്റഡ് പുറത്തിറക്കിയ ഉത്തരവിലാണ് ചൈന, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നീ അതിർത്തികളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. നിലവിലെ ശമ്പള വർദ്ധന പ്രകാരം അതിർത്തിയിൽ സിവിൽ എഞ്ചിനീയറിംഗ് പാസായി ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് 30,000 രൂപ ശമ്പളം എന്നത് 60,000 ആയി ഉയർന്നു.

അതിർത്തിയിൽ ജോലി ചെയ്യുന്നവരെ മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. ആസാം, മേഘാലയ, ത്രിപുര,സിക്കിം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഒന്നാം വിഭാഗം. അരുണാചൽ പ്രദേശ്, ജമ്മു കാശ്‌മീർ,മിസോറാം, നാഗാലാന്റ് എന്നിവ രണ്ടാമത്തെ വിഭാഗം. ഏറ്റവുമധികം അപകട സാധ്യതയുള‌ളതാണ് മൂന്നാമത്തെ വിഭാഗം ലഡാക്ക് മേഖലയിലുള‌ളവരാണ് ഇതിൽ.