snake

ജയ്പൂർ: പാമ്പുമായി ഭർത്താവ് വരുന്നതു കണ്ടാൽ ഇപ്പോൾ ഭാര്യ ഓടി ഒളിക്കും. ഭാര്യയെ കടിച്ച പാമ്പുമായി ഭർത്താവ് ആശുപത്രിയിലെത്തിയാലോ ഡോക്ടർമാരും ഓടും. അങ്ങനെയൊരോട്ടം നടന്നത് രാജസ്ഥാനിലെ ഉദയംപേരൂരിൽ. പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കിയാണ് ഭാര്യയുമൊത്ത് ഭർത്താവ് അംബാലാൽ ആശുപത്രിയിലെത്തിയത്.

കടിച്ച പാമ്പ് ഏതെന്ന് ഡോക്ടർ ചോദിച്ചപ്പോൾ അംബാലാൽ കവറിൽ നിന്ന് പാമ്പിനെ പുറത്തെടുത്തു. ജീവനുള്ള പാമ്പാണെന്ന് കരുതി ഡോക്ടറും മറ്റ് ജീവനക്കാരും ഇറങ്ങിയോടി. ഓടണ്ട ഇത് ചത്ത പാമ്പാണെന്ന് ഭർത്താവ് വിളിച്ച് പറയാൻ തുടങ്ങിയതോടെയാണ് ഓട്ടം നിന്നത്.

ഭാര്യയെ കടിച്ച പാമ്പ് ഏതെന്ന് അറിയാത്തതിനാൽ അതിനെ തല്ലിക്കൊന്ന് കവറിലിട്ട് കൊണ്ടുവരികയായിരുന്നു.

രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അംബാലാലിന്റെ ഭാര്യയ്ക്ക് പാമ്പു കടിയേ​റ്റത്. ഭാര്യയ്ക്ക് പ്രഥമ ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഉദയ്പൂർ ആശുപത്രിയിലേക്ക് മാ​റ്റി.