covid-19

കോട്ടയം: വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരിക്കെ മരിച്ച യുവാവിന് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച കോട്ടയം കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥിനാണ് (39) കൊവിഡ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്. സാമ്പിൾ പരിശോധനാഫലം ഇന്ന് രാവിലെയാണ് ലഭിച്ചത്.

അതേസമയം മഞജുനാഥിന് ചികിത്സ വൈകിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മറുപടിയുമായി മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തി. രണ്ട് രോഗികൾ ഒരേ സമയം എത്തിയപ്പോൾ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി നൽകുന്ന വിശദീകരണം.

മഞ്ജുനാഥിനെ അബോധാവസ്ഥയിൽ കണ്ടയുടൻ വീട്ടുകാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിൽ എത്തിയെങ്കിലും യുവാവ് നിരീക്ഷണത്തിലായതിനാൽ മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്ന് നിർദേശിച്ചു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനായി രാവിലെ അറിയിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് ആംബുലൻസ് എത്തിയതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

21ന് ദുബായിൽ നിന്നെത്തിയ മഞ്ജുനാഥ് വീട്ടിൽ ഒറ്റ‌യ്ക്ക് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിക്ക് സഹോദരൻ ഭക്ഷണവുമായി എത്തിയപ്പോൾ നേരത്തേ നൽകിയ ഭക്ഷണം എടുക്കാത്തത് ശ്രദ്ധയിൽപെട്ടു. തുടർന്നു പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. മഞ്ജുനാഥിന്റെ ഭാര്യ: ഗായത്രി. മക്കൾ: ശിവാനി, സൂര്യകിരൺ.