pic

കോട്ടയം: മറിയപ്പള്ളിയിൽ ഇന്ത്യാ പ്രസ് അങ്കണത്തിൽ നിർമാണ പ്രവർത്തനം നടത്തുന്നതിനായി കാട് വെട്ടിമാറ്റുന്നതിനിടയിൽ മൂന്നു മാസത്തിനുമുകളിൽ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തു മണിയോടെയാണ് പുഴുവരിച്ച പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. ചിങ്ങവനം സി.ഐ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. അവശിഷ്ടം ശേഖരിച്ച് ഇന്ന് ഉച്ചയോടെ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ചിങ്ങവനം, വാകത്താനം, കോട്ടയം പൊലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തിടെ കാണാതായവരുടെ ലിസ്റ്റ് പൊലീസ് ശേഖരിച്ച് ആളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

പോസ്റ്റ്മോർട്ടത്തിനുശേഷമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തൂങ്ങിമരണമാണോ, ആരെങ്കിലും കൊന്ന് തള്ളിയതാണോയെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാവുമെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യാ പ്രസിന്റെ പിറകുവശത്തുള്ള പുളിമരത്തിന് ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പുളിമരത്തിൽ കയറി തൂങ്ങിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. ഇയാളുടെ വസ്ത്രങ്ങളും മറ്റും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇന്ത്യാ പ്രസിന്റെ സ്ഥലം ഇപ്പോൾ എസ്.പി.സി.എസിന്റെ ഉടമസ്ഥതയിലാണ്. ഇതിന്റെ ഒരു ഭാഗം നീതി സ്റ്റോറിനായി മാറ്റിയിരുന്നു.