കൊല്ലം: കൊവിഡ് നിരീക്ഷണത്തിലിരിക്കുന്നയാൾ ആശാപ്രവർത്തകയെ ഫോണിൽ വിളിച്ച് കയർക്കുകയും അസഭ്യവാക്കുകൾ പറയുകയും ചെയ്തതായി പരാതി.വിദേശത്ത് നിന്നുവന്ന് കൊവിഡ് സ്ഥിരീകരിച്ചയാളുമായുള്ള സമ്പർക്കത്തെ തുടർന്നാണ് കുരീപ്പുഴ സ്വദേശിയായ ഇയാളെ നിരീക്ഷണത്തിലാക്കിയത്. ഒറ്റയ്ക്ക് ഒരുവീട്ടിൽ താമസിക്കുന്ന ഇയാൾക്ക് വീടിനുള്ളിൽ പ്രാഥമിക കർമ്മങ്ങൾക്ക് സൗകര്യമില്ലെന്നും പുറത്തുള്ള ശൗചാലയമാണ് ഉപയോഗിക്കുന്നതെന്നും ആരോഗ്യ പ്രവർത്തകരെ അറിയിച്ചു.
ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ അതിൽ പ്രശ്‌നമില്ലെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. താമസിക്കുന്ന സ്ഥലത്തുനിന്ന് പുറത്തേക്ക് പോകുന്നത് ഒഴിവാക്കിയാൽ മതിയെന്ന് അറിയിച്ചതോടെ പ്രകോപിതനായ ഇദ്ദേഹം ആശാപ്രവർത്തകയെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയായിരുന്നു. സംഭവത്തിൽ ആശാപ്രവർത്തകയും ആരോഗ്യവകുപ്പ് അധികൃതരും അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി.