റിയാദ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയിൽ പ്രതിദിനം നിർമിക്കുന്നത് 25 ലക്ഷം മാസ്‌കുകൾ. രാജ്യത്തെ 9 ഫാക്ടറികളിലായിട്ടാണ് മാസ്‌കുകൾ നിർമിക്കുന്നത്. പ്രാദേശിക വിപണിയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനാണ് മാസ്‌ക് നിർമാണം വർദ്ധിപ്പിച്ചതെന്ന് വ്യവസായ, ധാതുവിഭവ മന്ത്രാലയ വക്താവ് ജറാ അൽ ജറ പറഞ്ഞു.
സൗദിയിൽ കഴിഞ്ഞ 14 ദിവസങ്ങളിലായി മാസ്‌കുകളുടെ ശരാശരി ഇറക്കുമതി ഒരു കോടിയാണ്. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക വിപണിയിൽ മതിയായ മാസ്‌കുകൾ വിതരണം ചെയ്യുന്നതിനൊപ്പം ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിന് സംഭരണവും ഉദ്ദേശിക്കുന്നുണ്ട്. പ്രാദേശികമായി ഉത്പന്നം നിർമിക്കാൻ തയ്യാറുള്ളവർക്ക് അംഗീകാരം നൽകുകയും ലൈസൻസ് നൽകുകയും ചെയ്യുന്ന പ്രക്രിയ ത്വരിതപ്പെടുത്തും. മാസ്‌ക് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.