ന്യൂഡൽഹി: പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സുപ്രിംകോടതി അംഗീകാരം നൽകി. സി.ബി.എസ്.ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സുപ്രീംകോടതിയിൽ വിജ്ഞാപനം സമർപ്പിച്ചത്. ഇത് അതേപടി അംഗീകരിച്ച് കോടതി ഹർജികൾ തീർപ്പാക്കി.അതേസമയം പരീക്ഷകൾ സംബന്ധിച്ചുളള വിജ്ഞാപനം ഒരാഴ്ചക്കകം ഇറക്കാമെന്ന് ഐ.സി.എസ്.ഇ സുപ്രീംകോടതിയെ അറിയിച്ചു.
വിദ്യാർത്ഥികളുടെ ഇന്റേണൽ അസസ്‌മെന്റിന്റെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിക്കുമെന്നാണ് സി.ബി.എസ്.ഇ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ പരീക്ഷകളും എഴുതിയ വിദ്യാർത്ഥികൾക്ക് ഇന്റേണൽ അസസ്മെന്റ് മാർക്കുകളല്ല, എഴുത്തുപരീക്ഷാ ഫലം തന്നെയാകും അന്തിമം. അതേസമയം കേരളത്തിൽ പരീക്ഷകൾ നടന്നതിനാൽ അതിലെ മാർക്കുകൾ തന്നെയാകും അന്തിമം. മൂന്ന് പരീക്ഷകൾ മാത്രം എഴുതിയ വിദ്യാർത്ഥികൾക്ക് മികച്ച മാർക്ക് കിട്ടിയ രണ്ട് പരീക്ഷകളുടെ ഫലമായിരിക്കും എടുക്കുക.
ഇന്റേണൽ അസസ്മെന്റ് അനുസരിച്ചുള്ള മാർക്കുകൾ ചേർത്ത് പരീക്ഷാഫലം ജൂലായ് 15നകം പ്രസിദ്ധീകരിക്കും. സാഹചര്യം മെച്ചപ്പെട്ടാൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാമെന്നാണ് സി.ബി.എസ്.ഇ നിലപാട്. ഇങ്ങനെ പരീക്ഷ എഴുതുന്നത് ഇംപ്രൂവ്മെന്റ് പരീക്ഷയായി കണക്കാക്കും. അതേസമയം പത്താം ക്ലാസുകാർക്ക് ഇനി പരീക്ഷയുണ്ടാകില്ല. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്നലെയാണ് പരീക്ഷ റദ്ദാക്കിയതായി സി.ബി.എസ്.ഇ പ്രഖ്യാപിച്ചത്.