pic

കോട്ടയം: ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു. മേലുകാവ് സ്വദേശിയായ ഡി.എഫ്.ഒ വി.എസ്.സിനിൽ കോടികളുടെ സ്വത്ത് ചുരുങ്ങിയ കാലംകൊണ്ട് സമ്പാദിച്ചതിനെക്കുറിച്ചാണ് വിജിലൻസ് ഇടുക്കി ജില്ലയുടെ ചാർജ്ജുള്ള ഡിവൈ.എസ്.പി വി.ആർ.രവികുമാർ അന്വേഷണം ആരംഭിച്ചത്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് ലഭിച്ച പരാതിയെ തുടർന്ന് കൈക്കൂലി വാങ്ങുന്നതിനിടയിൽ സിനിലിനെ കഴിഞ്ഞദിവസം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സിനിലിനെ ഇന്നലെ റിമാൻഡ് ചെയ്തു.

ശാന്തൻപാറയിൽ 50 ഏക്കർ പട്ടയഭൂമിയിൽ കർഷകർ ഏലം കൃഷിചെയ്തിരുന്നു. ഇതിന് തണലായി മരങ്ങളും വച്ചുപിടിപ്പിച്ചു. ഇതിന്റെ ശിഖരങ്ങൾ വെട്ടിമാറ്റാൻ ഫോറസ്റ്റ് ഡിവിഷന്റെ അനുമതി വാങ്ങണം. ഇതിനായി ഡി.എഫ്.ഒയെ കർഷകർ സമീപിച്ചപ്പോൾ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കർഷകർ എസ്.പി വിനോദ്കുമാറിന് പരാതി നല്കി. ഇതോടെ വിജിലൻസ് ഫിനോലിൻ പുരട്ടിയ നോട്ട് നല്കി. ഇത് ദേവികുളം ഫോറസ്റ്റ് ഓഫീസിലെത്തി ഡി.എഫ്.ഒക്ക് നല്കുന്നതിനിടയിൽ ഡിവൈ.എസ്.പി രവികുമാറും സംഘവും ചേർന്ന് കൈയോടെ ഇയാളെ പിടികൂടുകയായിരുന്നു. സി.ഐ റിജോ പി.ജോസഫും ഡിവൈ.എസ്.പിയോടൊപ്പം ഉണ്ടായിരുന്നു.

ഏലത്തോട്ടങ്ങളിലെ തണൽമരങ്ങളുടെ ശിഖരം മുറിച്ചാൽ മാത്രമേ വെയിൽ ഏലത്തിന്റെ ചുവട്ടിൽ പതിക്കുകയുള്ളു. വെയിൽ കിട്ടിയില്ലെങ്കിൽ കായ്ഫലം കുറയും. ഇതിനാലാണ് മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുന്നതെന്ന് കർഷകർ പറഞ്ഞു.