മധ്യപ്രദേശ് : കൊവിഡ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. അവിടെ പൊലീസുകാർക്ക് മതിയായ വിശ്രമം പോലും ലഭിക്കുന്നില്ല.അതിനിടെ ജോലിയെടുത്ത് തളർന്ന രണ്ട് പൊലീസുകാർ അവധിയെടുക്കാൻ അനുവാദം ചോദിച്ച് സമർപ്പിച്ച അപേക്ഷയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിചിത്രമായ കാരണമാണ് ഇരുവരും ലീവിനുള്ള അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. വീട്ടിൽ വളർത്തുന്ന എരുമയുടെ പേരിലാണ് ഇരുവരും അവധിക്ക് അപേക്ഷ നൽകിയത്.
മധ്യപ്രദേശിലെ സ്‌പെഷ്യൽ ആംഡ് ഫോഴ്‌സിലെ 9ാം ബറ്റാലിയനിലെ കോൺസ്റ്റബിളും ഡ്രൈവറുമാണ് ഇത്തരത്തിൽ അവധിക്ക് അപേക്ഷിച്ചത്. ഇരുവരും രേവയിലാണ് ജോലി ചെയ്യുന്നത്. ആറ് ദിവസത്തെ അവധിയാണ് ഇരുവരും ചോദിച്ചിരിക്കുന്നത്.'സർ , എന്റെ വീട്ടിലെ എരുമയ്ക്ക് എന്റെ ജീവിതത്തിൽ ഒരു പ്രധാന സ്ഥാനമാണുള്ളത്, കാരണം എനിക്ക് പൊലീസില്‍ ജോലി കിട്ടാൻ കാരണക്കാരി എന്റെ എരുമയാണ്. അവൾ നൽകിയ പാൽ കുടിച്ചാണ് ഞാൻ റിക്രൂട്ട്‌മെന്റിന് തയ്യാറെടുത്തത്. ഇപ്പോൾ അവൾക്ക് പ്രത്യുപകാരം ചെയ്യാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. എരുമയെ പരിപാലിക്കാൻ എനിക്ക് ആറ് ദിവസത്തെ കാഷ്വൽ ലീവ് അനുവദിച്ച് തരണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു്'- എന്നായിരുന്നു കോൺസ്റ്റബിൾ എഴുതിയ അവധി അപേക്ഷയിൽ കാരണമായി പറഞ്ഞത്.
എന്നാൽ കോൺസ്റ്റബിളിനൊപ്പം അവധിക്ക് അപേക്ഷിച്ച പൊലീസ് ഡ്രൈവർ രണ്ട് കാരണങ്ങളാണ് എഴുതിയത്. എരുമയുടെ കാര്യത്തിനൊപ്പം അമ്മയ്ക്ക് സുഖമില്ലെന്നും അപേക്ഷയിൽ പറയുന്നുണ്ട്.
'എന്റെ അമ്മയ്ക്ക് രണ്ട് മാസമായി സുഖമില്ല. കൂടാതെ എനിക്ക് വീട്ടിലൊരു എരുമയുമുണ്ട്. ഏറെ പ്രിയപ്പെട്ട എരുമ കഴിഞ്ഞ ദിവസം പ്രസവിച്ചു. ഇരുവരുടേയും സംരക്ഷണത്തിന് വീട്ടിൽ ആരുമില്ല. അതിനാൽ അവധി നൽകണം'- ഡ്രൈവർ കുറിച്ചു.
അതേസമയം, ഇരുവർക്കും അവധി നൽകുമെന്നും അവർ സമർപ്പിച്ച അവധി അപേക്ഷ അതിന്റേതായ ഗൗരവത്തിൽ തന്നെയാണ് ഉൾക്കൊള്ളുന്നതെന്നും മേലുദ്യോഗസ്ഥൻ വ്യക്തമാക്കി. എന്തായാലും പൊലീസുകാരുടെ കത്ത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.