സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസയർപ്പിച്ച് സിനിമലോകവും ആരാധകരും. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഇരട്ടിമധുരം നൽകി തന്റെ പുതിയ ചിത്രമായ കാവലിന്റെ ടീസറും സുരേഷ് ഗോപി പുറത്തുവിട്ടിരുന്നു. നിഥിൻ രഞ്ജി പണിക്കർ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് കാവൽ. അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ സുരേഷ് ഗോപിയോടൊപ്പമുള്ള ചിത്രങ്ങളും ഓർമ്മകളും പങ്കുവച്ച് നിരവധി പേരാണ് പോസ്റ്റിടുന്നത്. ഇതിൽ രാഹുൽ ഈശ്വറിന്റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
25 വർഷങ്ങൾക്ക് മുമ്പ് സുരേഷ് ഗോപിയെ അഭിമുഖം ചെയ്‌ത തന്റെ ഓർമ്മ പങ്കുവച്ചാണ് രാഹുൽ ഈശ്വറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. നമുക്ക് ജീവിതത്തിൽ നേരിട്ട് കാണാവുന്ന, ഏറ്റവും ഹൃദയത്തിൽ നിന്ന് സംസാരിക്കുന്ന കേരളീയൻ ആണ് സുരേഷ് ഗോപിയെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. താര ജാടകൾ ഇല്ലാതെ എല്ലാ സഹജീവികളോടും സ്നേഹവും സൗഹാർദവും ഉള്ള നല്ല മലയാളിയാണ് സുരേഷ് ഗോപിയെന്നും രാഹുൽ പറയുന്നു.
1994ൽ സൂപ്പർ ഹിറ്റായ കമ്മിഷണറിന് ശേഷമാണ് സുരേഷ് ഗോപിയെ രാഹുൽ ഈശ്വർ അഭിമുഖത്തിനായി കാണുന്നത്. അദേഹത്തെ ആദ്യമായി കണ്ടപ്പോൾ മുട്ടു വിറച്ചതും, പഠിച്ചുവച്ച ചോദ്യങ്ങൾ മറന്നുപോയതും രാഹുൽ ഈശ്വർ ഓർക്കുന്നു. സർ എന്ന് വിളിച്ച തന്നെ തിരുത്തി ചേട്ടായെന്ന് സുരേഷ് ഗോപി വിളിപ്പിച്ചതും വളരെ രസകരമായി ഫേസ്‌ബുക്ക് പോസ്റ്റിൽ രാഹുൽ ഈശ്വർ എഴുതിയിട്ടുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Happy Birthday സുരേഷേട്ടാ - 25 വർഷം മുൻപ് 1995 - കമ്മീഷണർനു ശേഷം ഇന്റർവ്യൂ. #throwback
ശ്രീ സുരേഷ് ഗോപിയുമായുള്ള interview 1995. തിരുവനതപുരം ടെക്നോപാർക് ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. ഞാൻ സ്കൂളിൽ പഠിക്കുന്നു. Rising Super Star SURESH GOPI എന്ന മെഗാ നടനുമായി അഭിമുഖം നടത്താൻ വെള്ളിനക്ഷത്രം എന്ന വാരികയ്ക്ക് വേണ്ടി ചെല്ലുന്നു. 1994 കമ്മിഷണർ ലെ ഭാരത് ചന്ദ്രൻ IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോൾ മുട്ട് വിറച്ചു, പഠിച്ചു വച്ച ചോദ്യങ്ങൾ മറന്നു പോയി.
'സുരേഷ് ഗോപി സർ' എന്നാണ് വിളിച്ചത്. വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാൻ മോനെ സ്കൂളിൽ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സർ വിളി ഒന്നും വേണ്ട, എന്നെ ചേട്ടാ എന്ന് വിളിച്ചോളൂ. അന്ന് കണ്ട ആ നന്മ അദ്ദേഹത്തിൽ എന്നും ഉണ്ടായിരുന്നു. ശബരിമല വിഷയത്തിൽ ജയിലിൽ കിടന്നപ്പോഴും ആദ്യം കാണാൻ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്. ഒരു പക്ഷെ നമുക്ക് ജീവിതത്തിൽ നേരിട്ട് കാണാവുന്ന ഏറ്റവും ഹൃദയത്തിൽ നിന്ന് സംസാരിക്കുന്ന കേരളീയൻ ശ്രീ സുരേഷ് ഗോപി. താര ജാടകൾ ഇല്ലാതെ എല്ലാ സഹജീവികളോടും സ്നേഹവും സൗഹാർദവും ഉള്ള നല്ല മലയാളി.