shamna-kazim

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ ഒരു പ്രതി കീഴടങ്ങി. അഞ്ചാംപ്രതിയായ അബ്ദുൾ സലാമാണ് കോടതിയിൽ കീഴടങ്ങിയത്. ഇയാൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ അഭിഭാഷകനൊപ്പം എത്തി കീഴടങ്ങുകയായിരുന്നു.

ഇനി പുറത്ത് നിന്നിട്ട് കാര്യമില്ല എന്ന് കണ്ടതിനാൽ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഷംനയുടെ വീട്ടിൽ പോയി വിവാഹം ആലോചിച്ചിരുന്നെന്ന് അബ്ദുൽ സലാം പറഞ്ഞു. വിവാഹം ആലോചിച്ചത് അൻവർ എന്നയാൾക്കാണ്. ആദ്യം താത്പര്യം അറിയിച്ചെങ്കിലും പിന്നീട് തങ്ങൾ പിന്മാറി. സ്വർണക്കടത്തുമായി തങ്ങൾക്ക് ബന്ധമില്ലെന്നും, ഷംനയോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതി കോടതി പരിസരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇതോടെ കേസിൽ പൊലീസ് പിടിയിലാവുന്നവരുടെ എണ്ണം അഞ്ചായി. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ ഇത് വരെ നാല് പ്രതികളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരുന്നത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്.

കേസിൽ കൂടുതൽ പേർ പ്രതികളാണെന്ന വിവരം പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഷംനാ കാസിമിന്റെ പരാതി പുറത്തുവന്നതിന് പിന്നാലെ യുവമോഡൽ അടക്കമുള്ളവർ പരാതിയുമായി വീണ്ടും രംഗത്തെത്തിയിരുന്നു. ഈ രണ്ട് കേസുകളിലുമായി പത്ത് പ്രതികളാണുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഇതിൽ ഒരാളാണ് ഇപ്പോൾ കോടതിയിൽ കീഴടങ്ങിയിരിക്കുന്നത്. കേസിൽ മുഖ്യപ്രതികൾ ഇനിയും കീഴടങ്ങാനുണ്ട്. നേരത്തെ ഇവർക്കെതിരെ മനുഷ്യകടത്തിനും കേസ് ചുമത്തിയിരുന്നു.