modi

ന്യൂഡൽഹി: രാജ്യം നേരിടുന്ന പ്രതിസന്ധിയിൽ ധീരമായി നിൽക്കണമെന്നും പ്രതിരോധം കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌തു. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് എന്ന് മോചനം നേടാനാകുമെന്ന് പറയാനാകില്ലെന്നും 'പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ' രാജ്യത്തെ സ്വയംപര്യാപ്‌തമാക്കുമെന്നും തൊഴിലാളികളോട് പ്രധാനമന്ത്രി പറ‌ഞ്ഞു. ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്ന ‘ആത്മ നിർഭർ ഉത്തർപ്രദേശ് റോസ്‌ഗർ അഭിയാൻ’ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിരോധത്തിൽ ഉത്തർപ്രദേശ് സർക്കാരിന്റേത് മികച്ച പ്രവർത്തനമാണ്. യൂറോപ്യൻ രാജ്യങ്ങൾക്ക് വരെ മാതൃകയാണ് യു.പി സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക, പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ നൽകുന്നതിന് വ്യാവസായിക സമിതികളുമായും മറ്റ് സംഘടനകളുമായും പങ്കാളിത്തം നേടുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 25 തരം ജോലികളിലായി 1.25 കോടി തൊഴിലവസരങ്ങൾക്കാണ് ഉത്തർപ്രദേശുകാർക്കായി പദ്ധതി വഴി ലക്ഷ്യമിടുന്നത്. ലോക്ക് ഡൗൺ കാലത്ത് തൊഴിൽ നഷ്ടമായ കുടിയേറ്റ തൊഴിലാളികളെയായിരിക്കും പദ്ധതിയിൽ ഉൾപ്പെടുത്തുക. സംസ്ഥാനത്തെ മുപ്പത്തിയൊന്ന് ജില്ലകളിലെ ജനങ്ങൾക്കാണ് പദ്ധതി ഉപയോഗപ്പെടുക. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ റോസ്ഗാർ അഭിയാന്റെ ഭാഗമായാണ് ഉത്തർപ്രദേശ് സർക്കാർ പുതിയ പദ്ധതി നടപ്പാക്കുന്നത്.