ഒരേ വർഗത്തുലുള്ളവരുടെ സൗഹൃദങ്ങളേക്കാളേറെ കൗതുകമുണർത്തുന്ന കാര്യമാണ് വ്യത്യസ്ത വർഗങ്ങളിൽപ്പെട്ടവരുടെ സൗഹൃദം. അത്തരമൊരു സൗഹൃദമാണ് ഇപ്പോൾ മൃഗസ്നേഹികളുടെ മുന്നിൽ ചർച്ചയാകുന്നത്. ഡെൽറ്റ എന്ന ഡോൾഫിനും ഗണ്ണർ എന്ന നായയും തമ്മിലാണ് അപൂർവ സൗഹൃദം. ഇവരുടെ അടുപ്പം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആറുവർഷമായി ഇവർതമ്മിൽ കൂട്ടായിട്ട്. ഗണ്ണറിന് എട്ടുമാസം പ്രായമുള്ളപ്പോൾ തുടങ്ങിയതാണത്രേ ഡെൽറ്റയോടുള്ള സൗഹൃദം. അന്ന് ഡെൽറ്റക്ക് നാല് വയസ്. ഫ്ലോറിഡ കീയ്സിലുള്ള ഡോൾഫിൻ റിസർച്ച് സെന്ററിലാണ് ഇരുവരും ആദ്യമായി കാണുന്നത്. അവിടത്തെ ഒരു ഉദ്യോഗസ്ഥ മേരി ബ്ളന്റണിന്റെ വളർത്തു നായയാണ് ഗണ്ണർ. വെള്ളത്തിന് പുറത്തേക്കു തലയിട്ട സമയത്താണ് ഡെൽറ്റ ആദ്യമായി ഗണ്ണറിനെ കാണുന്നത്.
കണ്ടമാത്രയിൽ തന്നെ സൗഹൃദത്തിലായ ഇരുവരും മുഖം ഉരസുന്ന ചിത്രങ്ങൾ റിസർച്ച് സെന്ററിലെ ഉദ്യോഗസ്ഥർ പകർത്തിയിരുന്നു.ഇപ്പോൾ ആറു വർഷത്തിനു ശേഷം ഇരുവരും അതേ രീതിയിൽ സൗഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് ഡോൾഫിൻ റിസർച്ച് സെന്റർ പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ ഡെൽറ്റയ്ക്ക് പത്തും ഗണ്ണറിന് 7ഉം വയസുണ്ട്. ഗണ്ണറിനെ മാസങ്ങൾക്ക് ശേഷം കണ്ടാലും ഡെൽറ്റ വേഗം തിരിച്ചറിയുമെന്നാണ് മേരി ബ്ളന്റൺ പറയുന്നത്. ഡെൽറ്റയെ കാണുമ്പോൾ കുരയ്ക്കുകയോ അപരിചിതമായി പെരുമാറുകയോ ചെയ്യാതെ കളിപ്പാട്ടങ്ങൾ ഇട്ട് തട്ടിക്കളിക്കാനൊക്കെയാണത്രേ ഗണ്ണറിന് ഇഷ്ടം. ഇരുവരുടേയും സ്നേഹപ്രകടങ്ങളുടെ ചിത്രം ഡോൾഫിൻ റിസർച്ച് സെന്റർ പുറത്തുവിട്ടിട്ടുണ്ട്.