കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതിയായ അബ്ദുൾ സലാം എറണാകുളം ജില്ലാ കോടതിയിൽ കീഴടങ്ങി. സുഹൃത്തായ അൻവറിന്റെ വിവാഹ ആലോചനയ്ക്കാണ് ഷമ്‌നയുടെ വീട്ടിൽ പോയതെന്നും തങ്ങൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്നും ഷംനയോട് പണം ചോദിച്ചിട്ടില്ലെന്നും അബ്ദുൾ സലാം വെളിപ്പെടുത്തി.
ഫോണിലൂടെ സംസാരിച്ചശേഷം ആറ് പേരാണ് ഷംനയുടെ വീട്ടിലേക്ക് പോയത്. വീട്ടിൽ വന്ന് വിവാഹം ആലോചിക്കാൻ ഷംന പറഞ്ഞിരുന്നു. കല്യാണം ആലോചിച്ച അൻവർ എറണാകുളം പറവൂരിൽ ബ്യൂട്ടീഷനാണ്. അഷ്‌റഫ്, രമേഷ്, ശരത്ത്, റഫീഖ് എന്നിവർക്കൊപ്പമാണ് പോയത്. വീടിന്റെ ഫോട്ടോ എടുത്തിട്ടില്ലെന്നും, ചെക്കനില്ലാതെ കല്യാണം ഉറപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഷംനയുടെ അമ്മ ബഹളം വച്ചെന്നും അബ്ദുൾ സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോടതിയിൽ കീഴടങ്ങിയ അബ്ദുൾ സലാമിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമം ആരംഭിച്ചതായി സിറ്റി പൊലീസ് വെളിപ്പെടുത്തി.അതേസമയം ഇവരുടെ കെണിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സ്ത്രീകൾപെട്ടതായ വിവരങ്ങൾ പുറത്തായിട്ടുണ്ട്. സിനിമ, സീരിയൽ മോഹവുമായി നടക്കുന്ന കോളേജ് വിദ്യാർത്ഥിനികൾ മുതൽ പ്രൊഫഷണലുകളും വീട്ടമ്മമാരും വരെ ഇവരുടെ ഇരകളായിട്ടുണ്ടെന്നാണ് സൂചന.
സിനിമകളിലും സീരിയലുകളിലും അഭിനയിക്കാൻ അവസരം വാഗ്ദ്ധാനം ചെയ്താണ് മോഡലുകളുൾപ്പെടെയുള്ളവരെ ഇവർ വലയിലാക്കുന്നത്.ചലചിത്രമേഖലയിലുള്ള ചിലരിൽ നിന്ന് പരസ്യചിത്രങ്ങളിൽ അഭിനയിപ്പിക്കാനെന്ന പേരിൽ സിനിമ, മോഡലിംഗ് രംഗത്തെ നടിമാരുടെ നമ്പർ കരസ്ഥമാക്കുന്ന ഇവർ അവരെ ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിക്കും. പേരെടുത്ത കുടുംബക്കാരാണെന്നും ബിസിനസുകാരാണെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചശേഷം, സിനിമയോ സീരിയലോ നിർമ്മിക്കാൻ ആലോചിക്കുന്നുണ്ടെന്ന പേരിൽ കൂടിക്കാഴ്ച നടത്തും.
സിനിമയിലും സീരിയലിലും മികച്ച അവസരം നൽകാമെന്ന് ഉറപ്പ് കൊടുക്കുന്നതോടെ പുതുമുഖങ്ങളുൾപ്പെടെ പലരും സിനിമാ സ്വപ്നവുമായി ഇവരുടെ വലയിൽ വീഴും. സംഘാംഗങ്ങളുമായി നിരന്തരം ഫോൺവിളികളും, നവമാദ്ധ്യമങ്ങൾ വഴി സൗഹൃദവുമാകുമ്പോഴാണ് സിനിമയ്ക്കൊപ്പം കൈനിറയെ കാശുകൊയ്യാൻ സ്വർണക്കടത്തിനും ഹവാല പണം ഇടപാടുകൾ എന്നിവയ്ക്ക് എസ്കോർട്ട് പോകാൻ ഇവരെ പ്രേരിപ്പിക്കുന്നത്. മികച്ച പ്രതിഫലവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതോടെ പലരും ഇവരുടെ വലയിലാകും.
വലിയ തുക കമ്മിഷൻ മോഹിച്ച് വീണുപോകുന്ന ഇവരെ വൻ ലാഭം വാഗ്ദ്ധാനം ചെയ്ത് സ്വർണ്ണക്കടത്ത് ബിസിനസിൽ പാർട്ണറാക്കും. പെട്ടെന്ന് കൂടുതൽ പണം സമ്പാദിക്കാമെന്ന ധാരണയിൽ പെൺകുട്ടികളിൽ പലരും വീട്ടുകാരറിയാതെ സ്വർണവും പണവും വാങ്ങും. ഇതിനുശേഷം മുങ്ങുന്നതാണ് പ്രതികളുടെ രീതി.
ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പരാതി പുറത്തുവന്നതിന് പിന്നാലെ നാല് യുവതികൾ കൂടി പരാതിയുമായി രംഗത്തെത്തിയിരുന്നു.ആലപ്പുഴ സ്വദേശിയായ നടിയും, കൊച്ചി കടവന്ത്ര സ്വദേശിയായ മോഡലും, മറ്റൊരു യുവതിയുമാണ് പരാതിയുമായി എത്തിയത്. ആലപ്പുഴ സ്വദേശിയിൽ നിന്ന് അഭിനയിക്കാൻ അവസരം നൽകാമെന്നറിയിച്ച് പതിനായിരം രൂപയും കൊച്ചി സ്വദേശിനിയിൽനിന്ന് സ്വർണവും തട്ടിയെടുത്തിട്ടുണ്ട്.
വലയിൽ വീണ ചിലരെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹ ആലോചനയെന്ന വ്യാജേന ഷംന കാസിമിനെ സമീപിച്ച സംഘം സ്വർണ ബിസിനസിൽ താൽപര്യമുണ്ടോയെന്ന് ഫോണിൽ തിരക്കിയിരുന്നു. ഇതാണ് സ്വർണക്കടത്തിൽ പ്രതികൾക്ക് ബന്ധമുണ്ടോയെന്ന സംശയത്തിന് കാരണമായത്.പിന്നീട് വിശദമായി അന്വേഷിച്ചതോടെ ഇത് പൊലീസ് ഉറപ്പിച്ചു. നടിമാരെ വലയിലാക്കി സ്വർണക്കടത്തിന് ഉപയോഗിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തിനെതിരെ രണ്ടു പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. എറണാകുളം സ്വദേശികളായ ഇവന്റ്മാനേജ്‌മെന്റ് സംഘത്തിലെ രണ്ട് സ്ത്രീകളാണ് പരാതി നൽകിയത്. മാർച്ച് എട്ടിന് വാളയാറിലെ ഒരു ഹോട്ടലിൽ സംഘം ഇവരെ പൂട്ടിയിട്ട് പണവും സ്വർണവും അപഹരിച്ചു മുങ്ങിയെന്നാണ് പരാതി.
മാർച്ച് ഒമ്പതിന് രാവിലെ ഹോട്ടലിൽ നിന്ന് ഇവർ രക്ഷപ്പെടുകയായിരുന്നു. തട്ടിപ്പിലെ പ്രധാനപ്രതി റഫീഖ് ആണെന്നും പൊലീസ് അറിയിച്ചു. സംഭവം നടന്നത് വാളയാറിലായതിനാൽ ഈ കേസ് പാലക്കാട് പൊലീസിന് കൈമാറും. തട്ടിക്കൊണ്ടുപോകലിനും മനുഷ്യക്കടത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്.