travel

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രകൾക്ക് ഇടവേള നൽകേണ്ടി വന്നതിന്റെ നിരാശയിലാണ് സഞ്ചാരപ്രിയർ. യാത്രാപുസ്തകങ്ങൾ വായിക്കുന്നതിലൂടെ നമ്മളും ജീവിത യാഥാർത്ഥ്യത്തിൽ നിന്നും വിട്ടുമാറി സഞ്ചാരിയോടൊപ്പം യാത്രയിൽ പങ്കാളികളാകുന്നു. ലോകപ്രശസ്തമായ ചില യാത്രവിവരണങ്ങൾ പരിചയപ്പെട്ടാലോ? ഒരു യാത്രാപ്രേമി അല്ലെങ്കിൽ പോലും ഈ ഗ്രന്ഥങ്ങൾ വായിക്കുന്നതിലൂടെ നിങ്ങളും ഒരു സഞ്ചാരിയായി മാറും.

ഈറ്റ്, പ്രേ, ലവ് - എലീസാ ഗിൽബർട്ട് (Eat, Pray, Love by Eliza Gilbert) യാത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം കടന്നു വരുന്ന പുസ്തകമാണിത്. ഒരു ആധുനിക അമേരിക്കൻ വനിതയായ എലീസ ഗിൽബർട്ടിന്റെ കഥയാണ് ഈ പുസ്തകത്തിൽ പറയുന്നത്. ജീവിതത്തിൽ വ്യത്യസ്തതകൾ കണ്ടെത്തുന്നതിനായി അവർ യാത്രകൾ ചെയ്യുന്നു. അവർ ഇറ്റലിയിലേയ്ക്കും,​ ഇന്ത്യൻ ഭക്തി മാർഗ്ഗത്തിലേയ്ക്കും ഒടുവിൽ ബാലിയിലേയ്ക്കും യാത്ര ചെയ്യുന്നു. വ്യത്യസ്ത രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങൾക്കും അവരുടെ കൂടെ യാത്ര ചെയ്യുന്ന ഒരനുഭവമുണ്ടാകും. നിങ്ങളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നൊരു ഗ്രന്ഥമാണിത്. വാഗാബോണ്ടിങ്ങ്:

ആൻ അൺകോമൺ ഗൈഡ് ടു ദി ആർട്ട് ഓഫ് ലോങ്-ടേം വേൾഡ് ട്രാവൽ - റോൽഫ് പോട്ട്സ് (Vagabonding: An Uncommon Guide to the Art of Long-term World Travel, Rolf Potts) സോളോ യാത്രകൾക്ക് പ്രചോദനം നൽകുന്ന ഒരു പുസ്തകമാണിത്. അലഞ്ഞു തിരിയലിന്റെ രാജാവെന്നാണ് റോൽഫ് പോട്ട്സ് അറിയപ്പെടുന്നത്. ലോകമെമ്പാടും യാത്ര ചെയ്തൊരാളാണദ്ദേഹം. അതിനാൽ യാത്രയ്ക്കനിവാര്യമായ വളരെ ക്ഷണികമായ അറിവുകൾ പോലും ഈ പുസ്തകത്തിൽ ഉൾക്കൊള്ലിച്ചിട്ടുണ്ട്. ഇത് വായിച്ച് കഴിയുമ്പാൾ തന്നെ ദീർഘമായൊരു യാത്രയ്ക്ക് തീർച്ചയായും നിങ്ങൾ തയ്യാറെടുത്തിട്ടുണ്ടാകും.

ഇൻടു ദി വൈൽഡ് - ജോൺ ക്രാക്കർ (Into the Wild by John Krakauer) ക്രിസ്റ്റഫർ ജോൺസൺ മാക് കാൻഡ്ലെസിന്രെ കഥയാണീ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. വളരെ നല്ല കുടുംബ പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന കഥാനായകൻ അലാസ്ക്കയിലേയ്ക്ക് പോവുകയും മരുഭൂമിയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുകയും ചെയ്യുന്നു. നാടും വീടും ഉപേക്ഷിച്ച് മാതാപിതാക്കളെയും, സഹോദരിയേയും നിരാകരിച്ച്. കാൻഡ്ലെസ് സ്വന്തം ഇഷ്ടപ്രകാരം ഒരു ജീവിതം തിരഞ്ഞെടുക്കുന്നു. നാല് മാസത്തിനു ശേഷം അയാളുടെ അഴുകിയ മൃതദേഹം കാട്ടിൽ നിന്നും കണ്ടെത്തുന്നു. അയാളുടെ മരണകാരണം തീർച്ചയായും നിങ്ങളിൽ ഹ‌ൃദ്യമായൊരനുഭവം സമ്മാനിക്കും. എക്കാലത്തെയും മികച്ച യാത്രാഗ്രന്ഥങ്ങളിലൊന്നാണിത്. ‌

ദി ആൽക്കിമിസ്റ്റ് - പൗലോ കൊയിലോ (The Alchemist by Paulo Coelho) സമീപകാലത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണിത്. സ്വപ്നങ്ങളെ പിന്തുടരാൻ പ്രേരിപ്പിക്കുന്നൊരു കഥയാണിത്. സ്പെയ്നിൽ നിന്നും ഈജിപ്തിലേക്ക് പോകുന്ന ഇടയന്റെ യാത്രയെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പറയുന്നത്. യാത്രയിലൂടെ ജീവിതത്തിന്റെ അർത്ഥവും സ്നേഹത്തിന്റെ മഹത്വവും ഈ ബാലൻ തിരിച്ചറിയുന്നു. സ്വപ്നങ്ങളെ പിന്തുടരാൻ പ്രേരിപ്പിക്കുന്ന ഈ പുസ്തകം ഓരോ സ്വപ്നസഞ്ചാരികളുടെയും ജീവിതയാത്രയ്ക്ക് സഹായകമാകും.

വിത്ത് റിസർവേഷൻസ്: ദി ട്രാവൽസ് ഓഫ് ആൻ ഇൻഡിപെൻഡന്ര് വുമൺ - ആലീസ് സ്റ്റെയിൻ ബാച്ച് (With Reservations: The Travels of an Independent Woman by Alice Steinbach) പുലിറ്റ്‌സർ സമ്മാന ജേതാവായ നോവലിസ്റ്റ് ആലീസ് സ്റ്റെയ്ൻബാക്ക് ജീവിത യാഥാർത്ഥ്യത്തിന്രെ നിർവചനം തേടി യാത്ര ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൂടെ അവൾ സഞ്ചരിക്കുന്നു. പാരീസിൽ അവർ തന്രെ സോൾ മേറ്റിനെ കണ്ടെത്തുന്നു, ഓക്സ്ഫോർഡിൽ ഇംഗ്ലീഷ് ഭാഷയിൽ ഒരു കോഴ്സ് ചെയ്യുന്നു. മിലാനിൽ അവർക്കൊരു സുഹൃത്തിനെ ലഭിക്കുന്നു, ഇങ്ങനെ ഹ‌‌ൃദയസ്പർശിയായ അനേകം യാത്രാനുഭവങ്ങൾ അവർ പങ്കുവയ്ക്കുന്നു. ഈ പുസ്തകം നിങ്ങളെ വ്യത്യസ്ഥമായൊരു യാത്രയിലേക്ക് കൊണ്ടുപോകുമെന്ന കാര്യത്തിൽ സംശയമില്ല.