കൊച്ചി: കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസിൽ കൂടുതൽ പരാതിക്കാരുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ. പുതുതായി അഞ്ചു പേർ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും, ഇവരിൽ നിന്നും വിശദമായ മൊഴിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുവതികളിൽ നിന്ന് പണവും സ്വർണവും തട്ടിയത് കൂടാതെ ലൈംഗിക ചൂഷണം ഉൾപ്പെടെ നടന്നതായി പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, സ്വർണക്കടത്ത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കാസർകോടുള്ള ടിക് ടോക് താരത്തെ വിളിച്ചുവരുത്തുമെന്നും വിജയ് സാഖറെ വ്യക്തമാക്കി.
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ഷംന കാസിമിന്റെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി എത്തുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ നടിയും, കടവന്ത്രയിലെ മോഡലും ഉൾപ്പെടെ മൂന്ന് യുവതികൾ ഇന്നലെ പരാതി നൽകിയിരുന്നു. ഇവർക്ക് പുറമേ അഞ്ചു പേർ കൂടി എത്തിയിട്ടുണ്ടെന്നാണ് കമ്മിഷണർ ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ആദ്യപരാതി അന്വേഷിക്കാതിരുന്നത് കൊവിഡ് നിയന്ത്രണങ്ങൾ മൂലമാണ്. അഞ്ചുപേർ കൂടി ഇന്ന് പരാതി നൽകാനെത്തും. ഇതുവരെ മൂന്ന് പരാതികൾ കിട്ടി. മീരയെന്ന യുവതി പെൺകുട്ടികളെ പ്രതികളുമായി ബന്ധപ്പെടുത്തി. കാസർകോടുകാരനായ ടിക്ടോക് താരത്തോട് വിവരങ്ങൾ തേടുമെന്നും ഐ.ജി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹൈദരബാദിലുള്ള നടി നാട്ടിലെത്തുമ്പോൾ വിശദമായ മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.