തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭായോഗത്തിൽ കെയ്യാങ്കളി. നഗരസഭാ ചെയർ പേഴ്സണുമായുള്ള ഉന്തിലും തള്ളിലും നഗരസഭാ കൗൺസിൽ ഹാളിൽ വീണ് പ്രതിപക്ഷനേതാവ് ലളിതാ സോളമന്റെ തലപൊട്ടി. കൈയ്യാങ്കളിയ്ക്കിടെ കൈ തട്ടി ചെയർപേഴ്സൺ ഡബ്ള്യു. ആർ ഹീബയുടെ ശസ്ത്രക്രിയ കഴിഞ്ഞ കണ്ണിന് പരിക്കേറ്റു. ഇരുവരെയും ആദ്യം നെയ്യാറ്റിൻകര ഗവ. ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അഴിമതി ആരോപിച്ച് നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുന്നിൽ കഴിഞ്ഞ നാല് ദിവസമായി കോൺഗ്രസ് റിലേ സത്യാഗ്രഹം നടത്തി വരികയാണ്. ഇന്ന് ലേലമുൾപ്പെടെ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിൽ വിളിച്ച് ചേർത്തിരുന്നു. കൗൺസിൽ ആരംഭിച്ചപ്പോൾ സത്യാഗ്രഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൗൺസിലിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് ലളിതാ സോളമൻ ആവശ്യപ്പെട്ടു. എന്നാൽ, അജണ്ടയിലില്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് ചെയർപേഴ്സൺ അറിയിച്ചതാണ് വാക്കേറ്റത്തിനും ഉന്തിനും തള്ളിനും ഇടയാക്കിയത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് ശക്തമായ പൊലീസ് ബന്തവസ് ക്രമീകരിച്ചിട്ടുണ്ട്.