india

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിൽ ഇരു സൈന്യങ്ങളും വൻ പടയൊരുക്കം നടത്തുന്നു. 35,000 സൈനികരെ കൂടി ഇന്ത്യ മേഖലയിൽ എത്തിച്ചതായാണ് വിവരം. യുദ്ധ ടാങ്കുകളും, തോക്കുകളും അതിർത്തിയ്ക്ക് അടുത്തേക്ക് നീക്കി. കരസേനാമേധാവി ജനറൽ എം.എം നരവനെ തയ്യാറെടുപ്പ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനോട് വിശദീകരിച്ചു.

ഇന്ത്യ സ്ഥിരമായി പട്രോളിംഗ് നടത്തിയിരുന്ന മേഖലയിൽ പട്രോളിംഗ് തടസപ്പെടുത്തിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്നാണ് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് നൽകുന്ന വിശദീകരണം. ചൈനയും അതിർത്തിയിൽ സൈനികസന്നാഹം ശക്തമാക്കുകയാണ്. കിഴക്കൻ ലഡാക്കിൽ മെയ് ആദ്യവാരം മുതൽ തന്നെ ഇത്തരത്തിൽ വലിയ സൈനികസന്നാഹം ചൈന തുടങ്ങിയിരുന്നെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ കര-വ്യോമ സേനകൾ സംയുക്ത സേനാഭ്യാസം നടത്തി.

സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റർ, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും, ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാർഗം അതിർത്തി മേഖലകളിൽ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണ് നടത്തിയത്. അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് മുൻകരുതലിന്റെ ഭാഗമായുള്ള സേനാഭ്യാസം.

ഇരുസൈന്യങ്ങളുടെയും പിൻമാറ്റത്തിനുള്ള ധാരണ നടപ്പാകാൻ സമയം എടുക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. 2022-ഓടെ ഇന്ത്യ ചൈനയുമായുള്ള അതിർത്തിയിൽ 42 പുതിയ തന്ത്രപ്രധാനറോഡുകളാണ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ 72 പ്രധാനറോഡുകളാണ് കേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 28 എണ്ണം ഇപ്പോൾ നിർമാണം പൂർത്തിയായിട്ടുണ്ട്. 33 എണ്ണം നി‍ർമാണം നടന്നുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവയുടെ നിർമാണം ആദ്യഘട്ടത്തിലാണെന്നാണ് വിവരം.