ന്യൂഡൽഹി: ഈ സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇ.പി.എഫിന്റെ പലിശ കുറയ്ക്കുമെന്ന് സൂചന. നിലവിലെ ഇ.പി.എഫ് പലിശ 8.5 ശതമാനമാണ്. കഴിഞ്ഞ മാസങ്ങളിൽ അംഗങ്ങൾ വലിയ തോതിൽ തങ്ങളുടെ പണം പിൻവലിച്ചതാണ് പലിശ കുറയ്ക്കാനുള്ള പ്രധാനകാരണമായി വിദഗ്‌ദ്ധർ വിലയിരുത്തുന്നത്. നിക്ഷേപത്തിൽ നിന്ന് ലഭിച്ച ആദായത്തിൽ കുറവു വന്നതും പലിശ കുറയ്ക്കാനുള്ള മറ്റൊരു കാരണമായി ചൂണ്ടികാണിക്കുന്നു.
ഇ.പി.എഫ് പലിശനിരക്ക് കുറയ്ക്കുന്നത് ആറുകോടി വരിക്കാരെ കാര്യമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. മാർച്ച് ആദ്യ ആഴ്ചയിലാണ് പുതിയ സാമ്പത്തിക വർഷത്തേക്കായി 8.5ശതമാനം പലിശ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്ര ധനമന്ത്രാലയം അതിന് ഇനിയും അനുമതി നൽകിയിട്ടില്ല. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമെ തൊഴിൽ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളൂ.