crpf

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ ഭീകരരുടെ വെടിയേറ്റ് ജവാൻ വീരമൃത്യു വരിച്ചു. അനന്തനാഗിൽ സി.ആർ.പി.എഫ് സംഘത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. തെക്കൻ കാശ്‌മീരിലെ ബിജ്ഹാരയിലെ ദേശീയപാതയിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പ്രദേശവാസിയായ ഒമ്പത് വയസുള്ള ബാലനും കൊല്ലപ്പെട്ടു. മറ്റൊരു സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മുകാശ്‌മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. വടക്കൻ കാ‌ശ്‌മീരിലെ സോപോരിൽ സുരക്ഷാസേന ഇന്നലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. ഹർദ്ശിവ ഗ്രാമത്തിൽ സൈന്യവും സി.ആർ.പി.എഫും ജമ്മുകാശ്‌മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തെക്കൻ കാശ്‌മീരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സുരക്ഷാസേന വൻതോതിൽ ഭീകരവിരുദ്ധ നീക്കം നടത്തുകയാണ്. ഒരു മാസത്തിനിടെ മുപ്പതിലധികം ഭീകരരെയാണ് കാശ്‌മീരിൽ സൈന്യം വധിച്ചത്