ബ്യൂണസ് ഐറിസ്: വിപ്ലവ നായകൻ ഏണസ്‌റ്റോ ചെ ഗുവേരയുടെ ജന്മഗൃഹം വിൽപ്പനയ്ക്ക്. അർജന്റീനയിലെ റൊസാരിയോയിലാണ് ധീര വിപ്ളവ നായകനായ അദ്ദേഹത്തിന്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത്. വിപ്ലവങ്ങളിലേക്കും സ്വാതന്ത്ര്യ സ്വപ്‌നങ്ങളിലേക്കും ചെഗുവേര ചിന്തിച്ചു തുടങ്ങിയത് ഈ വീട്ടിൽ നിന്നാണ്. ചെ ഉപയോഗിച്ചിരുന്ന ഫർണിച്ചർ, കുടുംബ ചിത്രങ്ങൾ, അദ്ദേഹത്തിന്റെ കൈയ്യെഴുത്തിലുള്ള ചിത്രങ്ങൾ തുടങ്ങിയവ ഇന്നും ചെയുടെ സ്‌മരണകൾ പേറുന്ന ഈ വീട്ടിലെത്തിയാൽ കാണാൻ കഴിയും.
പ്രമുഖരായ ഒരുപാട് സന്ദർശകർ ഈ വീട് കാണാനായി എത്തിയിട്ടുണ്ട്. ഉറുഗ്വെ മുൻ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ഫിഡൽ കാസ്‌ട്രോയുടെ മക്കൾ തുടങ്ങിയവരും ഇവിടം സന്ദർശിച്ചിട്ടുണ്ട്. സന്ദർശകരിൽ ഏറ്റവും പ്രമുഖൻ തെക്കേ അമേരിക്കയിലൂടെ ചെ ഗുവേര 1950കളിൽ നടത്തിയ മോട്ടോർ സൈക്കിൾ യാത്രകളിൽ ഒപ്പമുണ്ടായിരുന്ന ആൽബർട്ടോ ഗ്രനഡോസായിരുന്നു.
ഓഫ് വൈറ്റ് ചുമരുകളുള്ള വീട്ടിൽ തടികെണ്ടുള്ള ഫ്‌ളോറിംഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിലാണ് വീടിന്റെ നിർമാണം. ചെയുടെ യാത്രകൾക്ക് കൂട്ടായിരുന്ന മോട്ടോർ സൈക്കിളും ഈ വീട്ടിൽ അതുപോലെ തന്നെ സംരക്ഷിച്ചിട്ടുണ്ട്. ചെയുടെ കുടുംബം 1930ൽ ഈ വീട്ടിൽ നിന്ന് താമസം മാറി.
ഇപ്പോൾ വീടിന്റെ ഉടമസ്ഥനായ ഫ്രാൻസിസ്‌കോ ഫറൂഗിയ 2002ലാണ് 2580 ചതുരശ്ര അടി വിസ്‌തീർണമുള്ള ഈ വീട് വാങ്ങുന്നത്. ചെ യുടെ സ്മരണകളുറങ്ങുന്ന ഈ വീട് ഒരു സാംസ്‌കാരിക കേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. എന്നാൽ അത് നടന്നില്ല. എത്ര വിലയ്ക്കാണ് വീട് വിൽക്കാനുദ്ദേശിക്കുന്നതെന്ന് ഇദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.