pic

തിരുവനന്തപുരം: കൊവിഡ് കാലത്തും സംസ്ഥാനത്ത് കഞ്ചാവിന് വൻ ഡിമാൻഡ്. സമ്പൂർണ ലോക്ക്ഡൗണിൽ അന്തർ സംസ്ഥാന ട്രെയിൻ ഗതാഗതം നിലച്ചതോടെ കഞ്ചാവിന്റെ ക്ഷാമം മുതലെടുത്ത് ചാകരകൊയ്യുകയാണ് മയക്കുമരുന്ന് ലോബി. ലോക്ക്ഡൗണിന് തൊട്ടുമുമ്പ് അരഗ്രാമിന് നൂറ് രൂപയിൽ താഴെ വിലയായിരുന്ന കഞ്ചാവിന് ഇപ്പോൾ അഞ്ഞൂറ് രൂപയാണ് വില. വില അഞ്ചിരട്ടി കൂടിയിട്ടും ഉപഭോഗത്തിൽ കുറവില്ലെന്നാണ് അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കടത്തിന്റെ കണക്കുകൾ നൽകുന്ന സൂചന.കഴിഞ്ഞ ഒരുമാസത്തിനകം കിലോക്കണക്കിന് തൂക്കംവരുന്ന പാഴ്സലുകളായി കടത്തിയ അഞ്ഞൂറ് കിലോയോളം കഞ്ചാവാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എക്സൈസും പൊലീസും പിടികൂടിയത്. കൊവിഡ് ഭയന്ന് വാഹന പരിശോധനയിൽ വരുത്തിയ ഇളവ് മുതലെടുത്താണ് ഇപ്പോൾ കടത്ത്.

അതി‌ർത്തി ചെക്ക് പോസ്റ്റുകളിലും റോഡുകളിലും വാഹന പരിശോധന കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായതാണ് കഞ്ചാവ് ലോബിക്ക് അനുഗ്രഹമായത്. പച്ചക്കറി,തണ്ണിമത്തൻ, ഉണക്കമീൻ, മുട്ട,പൈനാപ്പിൾ എന്നിവയ്ക്കിടയിലും എന്തിന് എൻ.സി.ആർ.ടിയുടെ ബുക്കുകൾ കൊണ്ടുവന്ന വാഹനത്തിലൊളിപ്പിച്ചും വരെയാണ് അയൽ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ കഞ്ചാവ് കേരളത്തിലേക്ക് അതി‌ർത്തി കടന്നെത്തിയത്. കൊവിഡ് ഭയന്ന് അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ പലതും തുറന്ന് പരിശോധിക്കാൻ പൊലീസോ എക്സൈസ് , മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. വാഹന പരിശോധന രേഖകളിലൊതുങ്ങിയത് മുതലെടുത്താണ് കഞ്ചാവും ഹാഷിഷും മറ്റ് ലഹരി വസ്തുക്കളും ആന്ധ്രയിൽ നിന്നും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് എത്തുന്നത്.

വാഹനത്തിന്റെ ഡ്രൈവർമാർക്കും ഉടമയ്ക്കും വൻതുക പ്രതിഫലമായി നൽകിയാണ് കടത്ത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കകം നിലമ്പൂർ, ഏറ്റുമാനൂർ, തൃശൂർ, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ നിന്നായി കിലോ കണക്കിന് കഞ്ചാവാണ് എക്സൈസും പൊലീസും രഹസ്യവിവരത്തെ തുടർ‌ന്ന് പരിശോധന നടത്തി കണ്ടെത്തിയത്. രണ്ട് കിലോഗ്രാം വീതം തൂക്കം വരുന്ന പാഴ്സലുകളാക്കി ബ്രഡ് പായ്ക്കറ്റിന്റെ വലിപ്പത്തിൽ യന്ത്രസഹായത്തോടെ പായ്ക്ക് ചെയ്താണ് കടത്ത്. ലോറികളിലും മറ്റും ചരക്ക് സാധനങ്ങൾക്കുള്ളിൽ ഡസൻ കണക്കിന് പാക്കറ്റുകൾ ഇത്തരത്തിൽ ഒളിപ്പിച്ച് കടത്തും. ആന്ധ്രയിൽ നിന്ന് 6400 രൂപയ്ക്ക് വാങ്ങുന്ന ഒരു പാക്കറ്റ് സംസ്ഥാനത്തെത്തിച്ച് വിൽപ്പന നടത്തുന്നത് 95,000രൂപ വിലയ്ക്കാണ്.

കൊവിഡ് യാത്രാവിലക്കുകൾക്കിടയിലും ആന്ധ്രയിലെ നക്സൽ കേന്ദ്രങ്ങളിലെ കഞ്ചാവ് പാടങ്ങളിൽ നിന്നും സംഭരണശാലകളിൽ നിന്നും കിലോ കണക്കിന് കഞ്ചാവാണ് കേരളത്തിലേക്ക് കടത്തുന്നത്. ലോക്ക്ഡൗണിന് മുമ്പ് സംസ്ഥാനത്തെ ചെറുതും വലുതുമായ കച്ചവടക്കാ‌ർ തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും പോയി കഞ്ചാവ് കൊണ്ടുവന്ന് വിൽക്കുന്നതായിരുന്നു രീതി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അതിന് മാറ്റം വന്നതോടെയാണ് കഞ്ചാവിന് ക്ഷാമം നേരിടാനും വില വ‌ർദ്ധിക്കാനും കാരണമായത്. ട്രെയിനിലും അന്തർ സംസ്ഥാന ബസുകളിലും തുച്ഛമായ മുതൽമുടക്കിൽ കേരളത്തിലെത്തിയിരുന്ന കഞ്ചാവ് ഇപ്പോൾ അതിർത്തി കടക്കണമെങ്കിൽ ലക്ഷങ്ങളാണ് മുടക്കേണ്ടിവരുന്നത്.

ആന്ധ്രയിൽ കഞ്ചാവിന് വിലകൂടിയിട്ടില്ലെങ്കിലും കടത്തിക്കൊണ്ടുവരുന്നതിന് ലക്ഷങ്ങൾ ചെലവ് വന്നതോടെയാണ് അരഗ്രാമിന്റെ വില അഞ്ഞൂറും അതിലേറെയുമായത്. കണ്ണൂരിൽ കൊവിഡ് ബാധിതനായി എക്സൈസ് ഉദ്യോഗസ്ഥ‌ൻ കഴിഞ്ഞദിവസം മരണപ്പെട്ടതോടെ വാഹന പരിശോധനയുൾപ്പെടെയുള്ള നടപടികൾക്ക് എക്സൈസ് ഉദ്യോഗസ്ഥർ ഭയക്കുന്ന സാഹചര്യമാണുളളത്.