pic

തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനത്തെ അഭിനന്ദിച്ചിട്ടില്ലെന്ന വി.മുരളീധരന്റെ പ്ര‌സ്‌താവനയ്ക്ക് മറുപടിയുമായി മന്ത്രി എ.കെ ബാലൻ. സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്നായിരുന്നു.മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം സെക്രട്ടറിയോട് ചോദിച്ച് മനസിലാക്കണം. സർക്കാരിന്റെ നടപടി പരാജയമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കോംപ്ലിമെന്റ് എന്ന് പറഞ്ഞാൽ അഭിനന്ദനമാണെന്നും എ.കെ ബാലൻ പറഞ്ഞു.

മുരളീധരൻ സംസ്ഥാന സർക്കാരുമായി സഹകരിക്കണമെന്ന് പറഞ്ഞ അദേഹം കേന്ദ്ര നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന സർക്കാരാണ് സംസ്ഥാനത്തുള്ളതെന്നും കൂട്ടിചേർത്തു. കേന്ദ്രസർക്കാർ സംസ്ഥാനത്തെ അഭിനന്ദിച്ച് കത്തയച്ചു എന്ന പ്രചാരണത്തിനെതിരെ വി.മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു.

സംസ്ഥാനം മണ്ടത്തരം തിരുത്തി പ്രായോഗിക സമീപനം സ്വീകരിച്ചതിനാണ് കേന്ദ്രം കത്തയച്ചത്. ആദ്യം അയച്ച കത്തും കേന്ദ്രം നൽകിയ മറുപടിയും കേരളസർക്കാർ പൂഴ്ത്തിവച്ചു. പി.ആർ വർക്ക് നടത്താൻ സംസ്ഥാനം ഉപയോഗിക്കുന്ന പണം കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണമെന്നും ഇംഗ്ലീഷ് വായിക്കാൻ അറിയുന്നവരെ പി.ആർ ടീമിൽ വയ്ക്കണമെന്നുമായിരുന്നു വി.മുരളീധരന്റെ പരിഹാസം.