george-floyd

വാഷിംഗ്ടൺ: രാജ്യത്ത് വെള്ളക്കാരായ പൊലീസുകാരുടെ വംശീയ അക്രമം തുടരുന്നതിനിടെ 'ജോർജ് ഫ്ളോയിഡ് പൊലീസ് പരിഷ്‌കരണ നിയമം" പാസാക്കി അമേരിക്കൻ പ്രതിനിധിസഭ. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയിൽ 181നെതിരെ 236 വോട്ടുകൾക്കാണ് വ്യാഴാഴ്ച രാത്രി ബിൽ പാസായത്. നിയമത്തിന്,​ പൊലീസ് അതിക്രമത്തിൽ ക്രൂരമായി കൊല്ലപ്പെട്ട ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന്റെ പേരാണ് നൽകിയത്. ജോർജിന്റെ കൊലപാതത്തിന് പിന്നാലെ പൊലീസ് നിയമം പരിഷ്കരിക്കണം എന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയിരുന്നു. ന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ പൊലീസ് നിയമം ദുരുപയോഗം ചെയ്യുന്നതായി വ്യാപകപരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നിയമം പരിഷ്കരിക്കാനുള്ള തീരുമാനം. പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി ബില്ലിനെ സ്വാഗതം ചെയ്തു. അതേസമയം, നടപടി വിലക്കിക്കൊണ്ട് വീറ്റോ ചെയ്യുമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി.

മിനിയപൊലീസിൽ, ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് കൃത്യം ഒരുമാസത്തിനുശേഷമാണ് ജോർജ് ഫ്ലോയിഡ് ജസ്റ്റിസ് ഇൻ പൊലീസിംഗ് ആക്ട് പാസാക്കിയത്.

പൊലീസ് നടപടികളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഉത്തരം പറയേണ്ടതും, മയക്കുമരുന്ന് കേസുകളിൽ പൊലീസ് സാധാരണയായി ഉപയോഗിക്കുന്ന നോക്ക് വാറണ്ടുകൾ നിരോധിക്കുന്നതും, പൊലീസ് വകുപ്പിലേക്കുള്ള ആയുധങ്ങളുടെ അമിത ഒഴുക്ക് നിയന്ത്രിക്കുന്നതുമാണ് പുതിയ നിയമം.

 2020 മെയ്,​ 25.

ഇക്കഴിഞ്ഞ മെയ് 25നാണ് അമേരിക്കയിലെ മിനിയപൊലിസിൽ ജോർജ് ഫ്ലോയിഡ് എന്ന ആഫ്രോ-അമേരിക്കൻ വംശജൻ വെള്ളക്കാരനായ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ ശ്വാസംമുട്ടി പിടഞ്ഞ് മരിച്ചത്. ഡെറെക് ഷോവിൻ എന്ന കുറ്റാരോപിതനായ പൊലീസുകാരൻ 8 മിനിറ്റ് 46 സെക്കൻഡ് സമയം ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി ശ്വാസം മുട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർന്ന് നടന്നത് അമേരിക്ക ഇതുവരെ കാണാത്ത പ്രക്ഷോഭപരിപാടികളായിരുന്നു.

 എനിക്ക് ശ്വാസം മുട്ടുന്നു

പൊലീസുകാരന്റെ മുട്ടിനടയിൽ പിടയുമ്പോൾ ഫ്ലോയിഡ് അവസാനമായി പറഞ്ഞ എനിക്ക് ശ്വാസംമുട്ടുന്നു എന്ന വാചകവും ബ്ലാക്ക് ലൈവ്സ് മാറ്റർ എന്നതും മുദ്രാവാക്യങ്ങളാക്കി,​ വംശീയതയ്ക്കെതിരെ പതിനായിരക്കണക്കിന് ആളുകൾ അമേരിക്കയുടെയും ലോകത്തിന്റെ പലഭാഗങ്ങളുടെയും തെരുവുകളിൽ പ്രക്ഷോഭവുമായി ഇറങ്ങി. കൊവിഡ് നിയന്ത്രണങ്ങളെപ്പോലും കാറ്റിൽപറത്തിയായിരുന്നു പ്രക്ഷോഭങ്ങൾ.

വീഡിയോ റെക്കോർഡിംഗുകളിൽ "എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല" എന്ന് ഫ്ലോയ്ഡ് ആവർത്തിച്ച് പറയുന്നത് കാണിക്കുന്നത് സാമൂഹ്യമാദ്ധ്യമങ്ങളിലെല്ലാം വ്യാപകമായി.