covid-19

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികൾ 97 ലക്ഷം. മരണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയിൽ രോഗികൾ 25 ലക്ഷമായി. അമേരിക്കയിൽ രണ്ട് കോടിയോളം പേർ കൊവിഡ് ബാധിതരായേക്കാമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മുന്നറിയിപ്പ്. ഇന്നലെ മാത്രം 39,818 പേർ രോഗബാധിതരായി. അമേരിക്കയിൽ മെയ് അവസാനത്തോടെ രോഗവ്യാപനം കുറഞ്ഞ് തുടങ്ങിയിരുന്നു. എന്നാൽ, കൂടുതൽ ഇളവുകൾ നിലവിൽ വന്നതോടെ ജൂണിൽ രോഗികളുടെ എണ്ണം വീണ്ടും ഉയരാൻ തുടങ്ങി. രോഗബാധ രൂക്ഷമായിരുന്ന ന്യൂയോർക്ക്, ന്യൂജഴ്‍സി, കാലിഫോർണിയ, ലൂസിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇപ്പോൾ പുതിയ കേസുകൾ കുറവാണ്. ടെക്സാസ്, അരിസോണ എന്നീ സംസ്ഥാനങ്ങളാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. അതേസമയം, യൂറോപ്യൻ രാജ്യങ്ങളായ അർമേനിയ, സ്വീഡൻ, മോൾഡോവ, നോർത്ത് മാസിഡോണിയ, അസർബയ്ജാൻ, കസാക്കിസ്ഥാൻ, അൽബേനിയ, ബോസ്‍നിയ ഹെർസഗോവിന, കിർഗിസ്ഥാൻ, ഉക്രെയ്‍ൻ, കൊസോവ എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട വ്യാപനം ആരംഭിച്ചിരിക്കുന്നത്. മഹാമാരിയുടെ രണ്ടാം വരവാണ് ഇപ്പോൾ യൂറോപ്പിലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒരു മാസത്തിനിടെ ആദ്യമായി യൂറോപ്പിൽ പുതിയ കേസുകൾ വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ, നേരത്തെ രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ ഇപ്പോൾ പുതിയ കേസുകൾ കുറവാണ്.

കൊവിഡ് ഭേദമായവർ 52 ലക്ഷം.

 ബ്രസീലിൽ രോഗികൾ 12 ലക്ഷം. ആകെ മരണം 55,054.

 റഷ്യയിൽ ഇന്ന് 6,800 പേർക്ക് കൊവിഡ്. ഒരു ദിവസം റിപ്പോർട്ട് ചെയ്തതിലും വച്ച് ഏറ്റവും ചെറിയ കണക്ക്. രോഗികൾ ആറ് ലക്ഷം. മരണം 8,781.

 ചൈനയിൽ ഇന്നലെ 13 കേസുകൾ. വ്യാപനത്തിന് നേരിയ ശമനം.