kamaal

ന്യൂഡൽഹി: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിന്റെ മരുമകൻ രതുൽ പുരിക്കെതിരായ കുരുക്ക് മുറുകുന്നു. വി.വി.ഐ.പി ഹെലികോപ‌്‌റ്റർ ഇടപാടിലൂടെ വിവാദത്തിൽ അകപ്പെട്ട രാതുൽ പുരിയുടെ വീട്ടിൽ സി.ബി.ഐ റെയ്‌ഡ് നടക്കുകയാണ്. രാതുൽ പുരിയുടെ ഡൽഹിയിലെയും നോയിഡയിലെയും വസതികളിലാണ് റെയ്‌ഡ് പുരോഗമിക്കുന്നത്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കനത്ത സുരക്ഷയിലാണ് രാതുൽ പുരിയുടെ വീട്ടിൽ റെയ്‌ഡ് നടക്കുന്നതെന്ന് സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു. പി.പി.ഇ കിറ്റ് ഉൾപ്പെടെ ധരിച്ചാണ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തുന്നത്. മോസർബിയറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ രാതുൽ പുരിക്കെതിരെ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയങ്ങളിൻ മേലാണ് റെയ്‌ഡ് നടക്കുന്നതെന്നാണ് സൂചന.

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്‌റ്റർ ഇടപാടിലൂടെ 70 മില്യൺ യൂറോയാണ് രാതുൽ പുരി സ്വന്തമാക്കിയത്.കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് ഇദ്ദേഹത്തിനെതിരെ കുറ്റപ്പത്രം സമർപ്പിച്ചിരിക്കുകയാണ്. അഗസ്റ്റ വെസ്‌റ്റ്ലാൻഡ കേസുമായി ബന്ധപ്പെട്ട വിവിധ ഇടപാടുകളിലൂടെ കോടി കണക്കിന് യു.എസ് ഡോളറാണ് പുരിക്ക് ലഭിച്ചതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കണ്ടെത്തൽ.