erica


സയൻസ് ഫിക്ഷൻ സിനിമയിലാണ് എറിക്കയുടെ നായികാവേഷം

ലോക ചരിത്രത്തിൽ ആദ്യമായാണ് റോബോട്ട് സിനിമയിൽ നായികായാകുന്നത്
 സിനിമയിലും റോബോട്ടിന്റെ വേഷത്തിലാണ് എറിക അഭിനയിക്കുക
 'ബി' എന്നാണ് സിനിമയുടെ പേര്. ഷൂട്ടിംഗ് ആരംഭിച്ചു
 അഭിനയത്തിന്റെ അത്യാധുനിക പാഠങ്ങളെല്ലാം എറിക്ക സ്വായത്തമാക്കി

ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ഒരു ഹോളിവുഡ് സിനിമയുടെ നായികാവേഷത്തിലെത്തുന്നതിന്റെ ത്രില്ലില്ലാണ് എറിക്ക എന്ന ഹ്യുമനോയ്ഡ് റോബോട്ട്. ലോകത്താദ്യത്തെ കൃത്രിമബുദ്ധിയുള്ള അഭിനേത്രി എന്ന പദവിയാണ് എറിക്ക സ്വന്തമാക്കിയിരിക്കുന്നത്.

ജപ്പാൻ ശാസ്ത്രഞ്ജർ നിർമിച്ച റോബോട്ടാണ് എറിക്ക. 'ബി" എന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രത്തിലാണ് എറിക്ക നായികയായി എത്തുന്നത്.

'ബി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു ഭാഗം 2019 ൽ ജപ്പാനിൽ ചിത്രീകരിച്ചിരുന്നു. ബാക്കി ഭാഗങ്ങൾ അടുത്ത വർഷം ജൂണിൽ പുനരാരംഭിക്കും. ജാപ്പനീസ് ശാസ്ത്രജ്ഞരായ ഹിരോഷി ഇഷിഗുറോയും കൊഹെ ഒഗാവയും ചേർന്ന് സൃഷ്ടിച്ച ഈ റോബോട്ട് കൃത്രിമ ഇന്റലിജൻസ് പ്രോഗ്രാമിലൂടെയാണ് അഭിനയിക്കുന്നത്. ചിത്രത്തിലും റോബോട്ടിന്റെ വേഷം തന്നെയാണ് എറിക്ക കെെകാര്യം ചെയ്യുന്നത്.

'അഭിനേതാക്കൾക്ക് ജീവിതാനുഭവങ്ങൾ കഥാപാത്രങ്ങൾക്ക് മുതൽകൂട്ടാറാറുണ്ട്. എന്നാൽ എറിക്കയ്ക്ക് ജീവിതാനുഭവങ്ങളൊന്നുമില്ല. അവളുടെ ചലനങ്ങളുടെ വേഗത നിയന്ത്രിക്കുക, അവളുടെ വികാരങ്ങളിലൂടെ സംസാരിക്കുക, സ്വഭാവവികസനം, ശരീരഭാഷ എന്നിവ പരിശീലിപ്പിക്കുക എന്നിങ്ങനെയുള്ള സെഷനുകളിലൂടെ അവളുടെ ചലനങ്ങളും വികാരങ്ങളും ഞങ്ങൾ തന്നെ അനുകരിക്കേണ്ടിവന്നു'- ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.

മനുഷ്യന്റെ ഡി.എൻ‌.എയെ മികവുറ്റതാക്കാൻ വേണ്ടി താൻ സൃഷ്ടിച്ച ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട അപകടങ്ങൾ കണ്ടെത്തുന്ന ഒരു ശാസ്ത്രജ്ഞനാണ് ചിത്രത്തിലെ നായകൻ. അതിനെ മറികടക്കാൻ അദ്ദേഹത്തെ സഹായിക്കുന്ന റോബോട്ടിന്റെ വേഷത്തിലാണ് എറിക്ക അഭിനയിക്കുന്നത്.