cow

ഭോപ്പാൽ: 'സർ, താങ്കളുടെ കീഴിലുള്ള വെഹിക്കിൾ വിഭാഗത്തിലാണ് ഞാൻ ജോലി ചെയ്യുന്നത്. രണ്ട് മാസമായി എന്റെ അമ്മയ്ക്ക് നല്ല സുഖമില്ല. കൂടാതെ എനിക്ക് വീട്ടിൽ പ്രിയപ്പെട്ട ഒരു എരുമയുണ്ട്. എരുമയ്ക്ക് അടുത്തിടെ ഒരു കുഞ്ഞുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ വീട്ടിൽ ഇവരെ നോക്കാൻ ആരുമില്ല'. മദ്ധ്യപ്രദേശിലെ ഒൻപതാം ബറ്റാലിയൻ സ്പെഷ്യൽ ആംഡ് ഫോഴ്സിലെ ഉദ്യോസ്ഥന്റെ ലീവ് ലെറ്റർ വായിച്ച് അക്ഷരാർത്ഥത്തിൽ പൊലീസുകാർ ഞെട്ടി.

തന്റെ പ്രിയപ്പെട്ട എരുമയെ കാണണമെന്ന ആഗ്രഹമാണ് പോലീസുകാരൻ ലീവ് ലെറ്ററിലൂടെ അറിയിച്ചത്. ആറു ദിവസത്തെ അവധിയായിരുന്നു ഇദ്ദേഹം ആവശ്യപ്പെട്ടത്. രണ്ടാമത്തെ ആവശ്യം തനിക്ക് അമ്മയെ കാണണമെന്നതായിരുന്നു. എന്നാൽ അമ്മയെപ്പറ്റി എഴുതിയ രണ്ട് വരികൾ ഒഴികെ കത്ത് മുഴുവൻ എരുമയ്ക്കു വേണ്ടിയുള്ളതായിരുന്നു. കത്തിലുടനീളം എരുമയോടുള്ള സ്നേഹത്തെപ്പറ്റി വർണ്ണിക്കുകയായിരുന്നു ഇദ്ദേഹം.'സർ, ഞാൻ മുകളിൽ പറഞ്ഞ എരുമ എനിക്ക് ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണ്. എരുമപ്പാൽ കുടിച്ചാണ് ഞാൻ നിയമനത്തിനു മുൻപുള്ള പരീക്ഷകൾക്കെല്ലാം തയ്യാറെടുത്തത്. പോലീസ് ഡിപ്പാർട്ട്മെന്റിൽ നിയമനം ലഭിക്കാനുള്ള കാരണം തന്നെ എരുമയാണ്. സമ്പത്തിലും ദാരിദ്ര്യത്തിലും അത് എന്റെ കൂടെയുണ്ടായിരുന്നു. ഇപ്പോൾ അതിനെ പരിചരിക്കേണ്ട സമയമാണ്. അതുകൊണ്ട് എനിക്ക് ആറു ദിവസത്തെ ക്യാഷ്വൽ ലീവ് നൽകാൻ അപേക്ഷിക്കുന്നു. അങ്ങനെയെങ്കിൽ അമ്മയെ ചികിത്സിക്കാനും എരുമയെ പരിചരിക്കാനും സമയം ലഭിക്കും.'

ലീവ് ലെറ്റർ ഇപ്പോൾ ഡിപ്പാർട്ട്മെന്റ് മുഴുവൻ വൈറലാണ്. ലീവ് ലെറ്റർ ഗൗരവത്തോടെ തന്നെയാണ് പരിഗണിച്ചിട്ടുള്ളതെന്നും ലീവ് എടുക്കുന്നതിൽ നിന്ന് ആരെയും തടഞ്ഞിട്ടില്ലെന്നും ഒൻപതാം ബറ്റാലിയൻ മേധാവിയായ ആർ.എസ്.മീണ പറഞ്ഞു. എന്തു കാരണമാണെങ്കിലും ഒരാൾ ലീവ് ചോദിച്ചാൽ അത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.