child-terrorism

ന്യൂഡൽഹി:14 വയസ്സിന് താഴെയുള്ള കുട്ടികളെ ജമ്മു കശ്മീരിലെ സര്‍ക്കാരിനെതിരെ തീവ്രവാദ സംഘടനങ്ങൾ റിക്രൂട്ട് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.മനുഷ്യക്കടത്ത് സംബന്ധിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പുറത്തിറക്കിയത്.ഭീകര സംഘടനകള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും അവരെ ചാര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. 12 വയസ് പ്രായമുള്ള കുട്ടികളെ വരെ മാവോയിസ്റ്റ് വിമതര്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിതമായി ഉപയോഗിക്കുന്നുണ്ടെന്നും ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യ കവചങ്ങളായി വരെ അവരെ ഉപയോഗിക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട് .

നിര്‍ബന്ധിത ലൈംഗിക തൊഴിലാളികളുടെയും മനുഷ്യകടത്തിന്റെയും അടിസ്ഥാനത്തില്‍ ഇരകള്‍ക്കെതിരായ ശാരീരിക അതിക്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാണെന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും നിർബന്ധിച്ച് ഗര്‍ഭം ധരിപ്പിച്ച് കുഞ്ഞുങ്ങളെ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാവോയിസ്റ്റ് വിമതര്‍ തങ്ങളുടെ ക്യാമ്പുകളില്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമത്തത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട് . ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിൽ കുട്ടികളെ സൈനിക ആവശ്യത്തിനായി ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്.മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങള്‍ പോലും ഇന്ത്യ പൂര്‍ണമായി പാലിക്കുന്നില്ലെന്ന് വാദിക്കുന്ന യുഎസ്, മനുഷ്യക്കടത്തിന്റെ തോത് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ രണ്ടാം നിരയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ദശാബ്ദത്തോളമായി ഇന്ത്യ രണ്ടാം നിരയിലാണ് തുടരുന്നത്.

മനുഷ്യക്കടത്ത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സര്‍ക്കാരിന്റെ നടപടികള്‍ കുറഞ്ഞതായും പറയുന്നുണ്ട്.മനുഷ്യക്കടത്ത് തടയാനുള്ള നിയമം നടപ്പാക്കുന്നതില്‍ പരാജയപ്പെടുന്ന രാജ്യങ്ങളെയാണ് രണ്ടാം നിര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

പാകിസ്ഥാനില്‍ മനുഷ്യക്കടത്ത് സജീവമാണെന്നും യുഎസ് കുറ്റപ്പെടുത്തി. മനുഷ്യക്കടത്തിന്റെ തോതനുസരിച്ച് പാകിസ്ഥാനെ യുഎസ് രണ്ടാം നിരയിലേക്ക് താഴ്ത്തി. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ചാവേര്‍ ആക്രമണത്തിനും കുട്ടികളെ ഉപയോഗിക്കന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് നിരവധി കുട്ടികളെയും പുരുഷന്‍മാരെയും സ്ത്രീകളെയും പാകിസ്ഥാനിലേക്ക് കടത്തുന്നുണ്ട്. ഇവരെ നിര്‍ബന്ധിത തൊഴിലിനായാണ് കൊണ്ടുവരുന്നത്.അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് പാകിസ്ഥാനില്‍ കൂടുതല്‍ മനുഷ്യക്കടത്തിന് ഇരകളാകുന്നത് മനുഷ്യക്കടത്ത് നിയന്ത്രിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല.അതിനാലാണ് രണ്ടാം നിര പട്ടികയിലേക്ക് തരംതാഴ്ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.