ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് ജവാനും ഒരു കുട്ടിയും കൊല്ലപ്പെട്ടു. അനന്ത്നാഗ് സ്വദേശിയായ ആറു വയസുകാരനാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അനന്ത്നാഗിലെ ബിജ്ബെഹാര പ്രദേശത്ത് ദേശീയപാതാ സുരക്ഷയ്ക്കായി നിയോഗിച്ച സൈനികർക്ക് നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. വെടിയേറ്റ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെയും കുട്ടിയെയും ബിജ്ബെഹാരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, ത്രാലിൽ ഇന്നലെ രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച രാത്രി മുതലാണ് പ്രദേശത്ത് വെടിവയ്പ്പ് ആരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരർ പുൽവാമ സ്വദേശികളാണെന്നാണ് റിപ്പോർട്ട്.