കൊൽക്കത്ത: മുപ്പത് വർഷം സ്ത്രീയായി ജീവിച്ചയാൾ ഒടുവിൽ പുരുഷനാണെന്ന് തിരിച്ചറിഞ്ഞു. പശ്ചിമബംഗാളിലെ ബിർബുരിയിലാണ് അപൂർവ ജനിതക തകരാറ് കണ്ടെത്തിയത്. അടിവയറ്റിൽ അസഹനീയമായ വേദനയുമായി ചികിത്സ തേടിയെത്തിയ യുവതിയാണ് പരിശോധനയിൽ താൻ പുരുഷനാണെന്ന് തിരിച്ചറിഞ്ഞത്. അടിവയറ്റിലെ വേദനയുടെ കാരണം വൃഷണ കാൻസറാണെന്നും കണ്ടെത്തി. ഇവരുടെ സഹോദരിയും പുരുഷനാണെന്ന് പരിശോധനയിൽ കണ്ടെത്തി.
ആൻഡ്രജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം എന്നാണ് ഈ ജനിതക തകരാറിന്റെ പേര്. ഇതുള്ളവർ ബാഹ്യരൂപത്തിൽ സ്ത്രീ ആയിരിക്കും. സ്ത്രീയുടെ ലൈംഗികാവയങ്ങളും മാറിടം ഉൾപ്പെടെയുള്ള ശരീരഘടനയും തന്നെയാണ് ഉണ്ടാവുക. എന്നാൽ ഇവർ ശരിക്കും പുരുഷൻ തന്നെയായിരിക്കും. ഇത്തരം രോഗാവാസ്ഥയാണ് ഈ യുവതിയെയും സഹോദരിയെയും ബാധിച്ചിരിക്കുന്നത്.സ്ത്രീയായി ജീവിച്ച വ്യക്തി കഴിഞ്ഞ ഒൻപത് വർഷമായി വിവാഹ ജീവിതം നയിക്കുന്ന ആളാണ്. എന്നാൽ ഇവർക്ക് ജന്മനാൽ ഗർഭപാത്രമില്ല.ആർത്തവവും ഉണ്ടായിട്ടില്ല. ശബ്ദവും ബാഹ്യ ശരീര ഘടനയും സ്ത്രീയുടേത് തന്നെയാണ്.
നേതാജി സുഭാഷ് ചന്ദ്രബോസ് കാൻസർ ആശുപത്രിയിലെ ക്ലിനിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അനുപം ദത്തയും സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സൗമെൻ ദാസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചികിത്സ തേടിയെത്തിയ യുവതിയും സഹോദരിയും ശരിക്കും പുരുഷനാണെന്ന് കണ്ടെത്തിയത്. ഇരുവരുടെയും ക്രോമസോം ഘടന എക്സ്‌വൈ ആണെന്ന് പരിശോധനയിൽ കണ്ടെത്തി. സ്ത്രീകളുടെ ക്രോമസോം ഘടന എക്സ്എക്സ് എന്നാണ്. 22000 പേരിൽ ഒരാൾക്ക് സംഭവിക്കുന്ന അപൂർവ ജതിതക തകരാറാണ് ഇതെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇവരുടെ വൃക്ഷണങ്ങൾ ശരീരത്തിനുള്ളിൽ തന്നെ വികാസം പ്രാപിക്കാത്ത നിലയിലാണ്. അതുകൊണ്ടുതന്നെ ടെസ്‌റ്റോസ്റ്റീറോൺ ഉദ്പാദനം നടന്നിരുന്നില്ല. സ്ത്രീ ഹോർമോണുകൾ സ്ത്രീയുടെ ശരീരഘടന നൽകുകയും ചെയ്തു. ഈ വ്യക്തി പുരുഷനാണെന്ന് തിരിച്ചറിഞ്ഞതിനെതുടർന്ന് ഇവർക്കും ഭർത്താവിനും കൗൺസിലിംഗ് നൽകിക്കൊണ്ടിരിക്കുകയാണ്. ഒപ്പം കാൻസറിൻ്റെ ചികിത്സയും ആരംഭിച്ചിട്ടുണ്ട്. ഇവരുടെ പിതാവിൻ്റെ കുടുംബത്തിൽ രണ്ട് പേർക്ക് സമാനമായ ജനിതക തകരാറ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.