pic

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തസത്ത നിലനിറുത്തി കൊണ്ടുള്ള ഭേദഗതിയെ പറ്റി ചർച്ച തുടരുന്നതിനിടെ അതുമായി ബന്ധപ്പെട്ട നോട്ട് തയ്യാറാക്കാൻ മന്ത്രിമാ‌ർക്ക് നിർദേശം നൽകിയതായി സി.പി.ഐ. തോട്ടം വ്യവസായത്തിൽ പഴ വർഗങ്ങൾ കൂടി കൃഷി ചെയ്യാനുള്ള തീരുമാനം കൂടുതൽ വിശദമായി ചർച്ച ചെയ്യാനാണ് ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നോട്ട് തയ്യാറാക്കാൻ സി.പി.ഐ തീരുമാനമെടുത്തത്. ഇതിനായി റവന്യുമന്ത്രി ചന്ദ്രശേഖരനും കൃഷി മന്ത്രി സുനിൽകുമാറിനും പാർട്ടി നിർദേശം നൽകി.

ഇന്ന് പാർട്ടിയോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നാണ് കരുതിയത്. എന്നാൽ തോട്ടം ഭൂമി തുണ്ടുകളായി മുറിച്ചുവിൽക്കാനുള്ള ശ്രമം ഉണ്ടാകരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കൂടുതൽ ചർച്ചയ്ക്ക് വിഷയം മാറ്റിയത്. റവന്യു-കൃഷി മന്ത്രിമാരുടെ നോട്ടിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ വിശദമായ ചർച്ച നടത്തുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.

പാർട്ടി ചർച്ച ചെയ്‌ത ശേഷം ഇടതുമുന്നണി യോഗത്തിൽ വിഷയം ചർച്ച ചെയ്യാനാണ് തീരുമാനം. നിലവിൽ ഏഴ് വിളകളാണ് തോട്ടം ഭൂമിയിൽ കൃഷി ചെയ്യുന്നത്. ഇതിന് പുറമെ ഇടവിളയായും ഒറ്റവിളയായും പഴവർഗങ്ങൾ കൃഷി ചെയ്ത് തോട്ടം വ്യവസായത്തെ സംരക്ഷിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.