കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ താത്ക്കാലിക ഡ്രൈവർ നിയമനത്തിന് ഹൈക്കോടതി മാർഗനിർദേശം പുറപ്പെടുവിച്ചു. 2016 ഡിസംബർ 31ന് കാലാവധി തീർന്ന റാങ്ക് പട്ടികയിൽ നിന്ന് 2455 പേർക്ക് താത്ക്കാലിക നിയമനം നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. റാങ്ക് പട്ടികയിൽ നിന്ന് യോഗ്യരായവരുടെ പട്ടിക രണ്ടാഴ്ച്ചയ്ക്കകം പി.എസ്.സി കെ.എസ്.ആർ.ടി.സിക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
പി.എസ്.സി കൈമാറുന്ന പട്ടികയിൽ നിന്നുള്ളവരെ ഓരോ ഡിപ്പോകളിലും ഒഴിവുകളനുസരിച്ച് ഡ്രൈവർമാരെ നിയമിക്കണം. ഇവരെ വിവിധ വകുപ്പുകളിൽ നിയമിക്കുന്നതിന്റെ ഉത്തരവാദിത്വം കെ.എസ്.ആർ.ടി.സിക്കായിരിക്കും. സംവരണ, സീനിയോറിറ്റി മാനദണ്‌ഡങ്ങൾ അനുസരിച്ചായിരിക്കണം നിയമനം എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. താത്ക്കാലിക നിയമനം സ്വീകരിച്ചാലും ഇല്ലെങ്കിലും അത് റാങ്ക് പട്ടികയെ ബാധിക്കുകയില്ല.