python

പാരീസ് : ഫ്രഞ്ച് നഗരമായ റെന്നിൽ പ്രദേശവാസികൾക്കിടയിൽ ഭീതി പരത്തി പുറത്ത് വന്നിരിക്കുകയാണ് 'ഐസിസ്'. ആഫ്രിക്കൻ പെരുമ്പാമ്പുകളിൽ ഏറ്റവും വലിപ്പം കുറഞ്ഞ റോയൽ പെരുമ്പാമ്പ് വിഭാഗത്തിൽ പെടുന്നതാണ് ഐസിസ്. 182 സെന്റീമീറ്റർ വരെയാണ് ഇത്തരം പാമ്പുകളുടെ പരമാവധി നീളം. ഉടമയുടെ കണ്ണുവെട്ടിച്ച് പാമ്പ് പുറത്ത് പോയതോടെ പ്രദേശത്തെ വീട്ടുകാർക്ക് മുന്നറിയിപ്പുമായി അധികൃതരും രംഗത്തെത്തി. കുട്ടികളെ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ അനുവദിക്കരുത് എന്നാണ് പ്രധാന നിർദ്ദേശം.

അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിലായിരുന്നു പെരുമ്പാമ്പും ഉടമയും താമസിച്ചിരുന്നത്. കൂടിനുള്ളിലായിരുന്ന പാമ്പ് പുറത്ത് ചാടിയതെങ്ങനെയാണെന്ന് കൃത്യമായി അറിയില്ല. 3 അടിയോളം നീളമുള്ള റോയൽ പൈത്തൺ ഇനത്തിൽപ്പെട്ടതായിരുന്നു പെരുമ്പാമ്പ്. ആറ് മാസം മുമ്പാണ് രണ്ട് വയസ് പ്രായമുള്ള പെരുമ്പാമ്പിനെ ഇതിന്റെ ഉടമകൾ വാങ്ങിയത്. നിയമാനുസൃതമായി തന്നെയാണ് ഇവർ പാമ്പിനെ കൈവശം വച്ചിരിക്കുന്നത്.

അപ്പാർട്ട്മെന്റിന് സമീപത്ത് തന്നെ പുൽനിറഞ്ഞ പ്രദേശവും കുട്ടികളു‌ടെ പാർക്കും മറ്റുമുണ്ട്. പ്രദേശമാകെ പെരുമ്പാമ്പിനായി വ്യാപക തിരച്ചിൽ നടത്തുകയാണ് ഇപ്പോഴും. 'ബോൾ പൈത്തൺ' എന്ന പേരിലും അറിയപ്പെടുന്ന റോയൽ പൈത്തണുകൾ പടിഞ്ഞാറൻ, മദ്ധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്നവയാണ്. പാമ്പ് വളർത്തലുകാർക്കിടയിൽ പ്രിയപ്പെട്ട ഇനവുമാണിവ.