airport

തിരുവനന്തപുരം: വിമാനത്താവളങ്ങളിൽ പ്രവാസികൾക്കുള്ള ആന്റിബോഡി പരിശോധന ആരംഭിച്ചു. ഇതിനായി വിമാനത്താവളങ്ങളിൽ പ്രത്യേക കൗണ്ടറുകൾ തുറന്നു. നെടുമ്പാശേരിയിൽ മാത്രം 16 കൗണ്ടറുകളാണുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവർ പരിശോധനയ്ക്ക് വിധേയരാകണം. ഫേസ് ഷീൽഡ്, പി.പി.ഇ കിറ്റ് എന്നിവ ധരിച്ച് പ്രവാസികൾ എത്തിത്തുടങ്ങുന്നതിനൊപ്പമാണ് പരിശോധനയും ശക്തമാക്കിയത്. രോഗ ലക്ഷണമുള്ളവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റും രോഗലക്ഷണമില്ലാത്തവർക്ക് ട്രൂനാറ്റ് ടെസ്റ്റ് നടത്തും.

സംസ്ഥാനത്ത് പ്രതിദിനം 4000ത്തിനടുത്ത് ടെസ്റ്റുകൾ മാത്രമാണ് നിലവിൽ നടക്കുന്നത്. എന്നാൽ കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സാമ്പിൾ പരിശോധനകളുടെ എണ്ണം കൂട്ടാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പത്തുവയസ്സിൽ താഴെയുള്ളവർ, ഭിന്നശേഷിക്കാർ, വയോധികർ, ഗുരുതരരോഗങ്ങളുള്ളവർ, എന്നിവർക്കൊപ്പം വരുന്ന കുടുംബാംഗങ്ങൾക്ക്‌ മുൻഗണന നൽകും. പോസിറ്റീവാകുന്ന മുൻഗണനാ വിഭാഗത്തിലുള്ളവരുടെ സ്രവം ജീൻ എക്സ്‌പെർട്ട്‌, ട്രൂ നാറ്റ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കും. വേഗത്തിൽ ഫലം ലഭ്യമാക്കാനാണിത്‌. ആന്റിബോഡി പരിശോധനാ ഫലം നെഗറ്റീവാകുന്ന എല്ലാവരെയും 14 ദിവസം കർശന നിരീക്ഷണത്തിനായി വീട്ടിലേക്ക് അയക്കും. വിമാനത്താവളത്തിൽ ആന്റി ബോഡി ടെസ്റ്റ് നടത്തുന്നത്‌ അധിക സുരക്ഷാ നടപടിയാണ്.

രോഗലക്ഷണമുള്ളവരെ പരിശോധനാ ഫലം നെഗറ്റീവായാലും കൊവിഡ്‌ ആശുപത്രിയിലോ ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിലോ പ്രവേശിപ്പിക്കും. ലാബുകൾ 24 മണിക്കൂറും പ്രവർത്തിക്കും. പ്രവാസികളുടെ സാമ്പിൾ പരിശോധനയ്‌ക്ക്‌ മുൻഗണന നൽകണമെന്ന്‌ ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ ലാബുകൾക്ക്‌ നിർദേശം നൽകി.