ന്യൂഡൽഹി:ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളെ സൈനികമായി ഭീഷണിപ്പെടുത്തുന്ന ചൈനയുടെ നീക്കങ്ങൾക്കെതിരെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അമേരിക്ക യൂറോപ്യൻ രാജ്യങ്ങളിലെ സൈനിക സാന്നിദ്ധ്യം കുറയ്‌ക്കും. പിൻവലിക്കുന്ന സേനയെ ചൈനീസ് ഭീഷണി നിലനിൽക്കുന്ന ദക്ഷിണ ചൈന കടൽ ഉൾപ്പെടെയുള്ള മേഖലകളിൽ വിന്യസിക്കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ യൂറോപ് - അമേരിക്കൻ സഹകരണ വേദിയായ ബ്രസൽസ് ഫോറം സമ്മേളനത്തിൽ സൂചിപ്പിച്ചു.
അമേരിക്കയുടെ തന്ത്രപരമായ സൈനിക പദ്ധതിയാണിതെന്നാണ് റിപ്പോർട്ട്. ജർമ്മനിയിൽ നിന്ന് ആദ്യം മാറ്റുന്ന സേനയെ സുപ്രധാന കേന്ദ്രങ്ങളിൽ വിന്യസിക്കും.''ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവൃത്തികൾ ഇന്ത്യയ്‌ക്ക് മാത്രമല്ല, ദക്ഷിണ ചൈന കടലിലും ചുറ്റിലുമുള്ള വിയറ്റ്‌നാം, ഇൻഡോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾക്കും ഭീഷണിയാണ്. ചൈനീസ് പട്ടാളത്തെ നേരിടാനുള്ള ശേഷി നമുക്കുണ്ട്''- പോംപിയോ പറഞ്ഞു. ഇന്ത്യയുമായി കഴിഞ്ഞയാഴ്‌ച നടന്ന രക്തരൂക്ഷിത ഏറ്റുമുട്ടൽ ഉൾപ്പെടെ ചൈനയുടെ ആക്രമണങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു. പോംപിയോയുടെ വാക്കുകൾ ചൈനയ്‌ക്കെതിരായ അമേരിക്കൻ ഭരണകൂട നയത്തിന്റെ പ്രതിഫലനമാണെന്ന് പാശ്‌ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
യൂറോപ്പിൽ ചൈനയ്‌ക്കെതിരെ പൊതു വികാരം ഉയരുന്നത്ഇതാദ്യം. ഫൈവ് ജി മേഖലയിൽ ചൈനീസ് കമ്പനികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായി,ചൈനീസ് ടെലികോം കമ്പനിയായ വാവേയെയും പോംപിയോ തള്ളിപ്പറഞ്ഞു.ചൈനീസ് ബന്ധമില്ലാത്ത ക്ലീൻ ടെലികോം കമ്പനികളുടെ കൂട്ടത്തിൽ റിലയൻസിന്റെ ജിയോ കമ്പനിയെ അദ്ദേഹം പരാമർശിച്ചു.
ദക്ഷിണ ചൈന കടൽ
*പസിഫിക് സമുദ്രത്തിന്റെ ഭാഗം.വിസ്തൃതി 35 ലക്ഷം ചതുരശ്ര കിലോമീറ്റർ
*ചുറ്റുമുള്ള രാജ്യങ്ങൾ - ചൈന, ബ്രൂണെ, ഇൻഡോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തയ്‌വാൻ, വിയറ്റ്‌നാം
* 250ലേറെ ദ്വീപുകൾ. ദ്വീപുകൾക്ക് മേൽ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അധികാരത്തർക്കം
* ലോകത്തെ ചരക്ക് കപ്പൽ ഗതാഗതത്തിന്റെ മൂന്നിലൊന്ന് ഇതു വഴി.
* ചൈനയുടെ വിദേശ വ്യാപാരത്തിന്റെ 40 ശതമാനവും എണ്ണ ഇറക്കുമതിയുടെ 80ശതമാനവും ഇതു വഴി
* കടലിൽ വൻ എണ്ണ പ്രകൃതി വാതക ശേഖരം
* രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്റെ നിയന്ത്രണത്തിൽ.1947ൽ ചൈന അധികാരം പ്രഖ്യാപിച്ചു
* പാരാസെൽസ് , സ്പാർട്ട്‌ലിസ് ദ്വീപസമൂഹങ്ങൾക്ക് ചുറ്റും നൂറുകണക്കിന് മൈൽ വിസ്തൃതിയിൽ 'ഒൻപത് വരകൾ' ഇട്ട് അടയാളപ്പെടുത്തിയ ചൈനയുടെ ഭൂപടം.
* 1974ൽ വിയറ്റ്നാമിൽ നിന്ന് ചൈന പാരസെൽസ് ദ്വീപുകൾ പിടിച്ചെടുത്തു.
* 2012ൽ മറ്റൊരു ദ്വീപിനായി ഫിലിപ്പീൻസുമായി സംഘർഷം
* ചൈനയ്‌ക്ക് ഏഴ് സൈനിക താവളങ്ങൾ.