rg

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽഗാന്ധി വീണ്ടും. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും എടുത്തിട്ടില്ലെന്ന നരേന്ദ്രമോദിയുടെ പ്രസ്‌താവനക്കെതിരെയാണ് രാഹുലിന്റെ വിമർശനം. 'ഇന്ത്യയുടെ ഒരിഞ്ച് സ്ഥലം പോലും എടുത്തില്ലെന്നും ആരും ഇന്ത്യയ്ക്കുള്ളിൽ വന്നിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷെ ഉപഗ്രഹ ചിത്രങ്ങൾ വഴി ലഭിക്കുന്ന വിവരമനുസരിച്ചും ലഡാക്കിലെ ആളുകളും സൈന്യത്തിൽ നിന്ന് വിരമിച്ച ജനറൽമാരും പറയുന്നത് അനുസരിച്ചും ചൈന നമ്മുടെ ഭൂമി കൈയടക്കിയെന്നത് വസ്‌തുതയാണ്.' രാഹുൽ പറഞ്ഞു. ഒരിടത്തല്ല മൂന്നിടത്താണ് ഇന്ത്യയുടെ ഭൂമി അപഹരിക്കപ്പെട്ടതെന്നും രാഹുൽ ആരോപിച്ചു.

പ്രധാനമന്ത്രി രാജ്യത്തോട് സത്യം പറയണമെന്ന് ആവശ്യപ്പെട്ട രാഹുൽഗാന്ധി അതിർത്തിയിലെ പ്രശ്നത്തിന്റെ പേരിൽ അദ്ദേഹം പരിഭ്രമിക്കേണ്ടെന്നും പറഞ്ഞു. ഭൂമി നഷ്‌ടപ്പെട്ട ശേഷം ഭൂമി പോയിട്ടില്ലെന്ന് നിങ്ങൾ പറഞ്ഞാൽ ചൈനയ്ക്ക് പ്രയോജനം ലഭിക്കും. നമുക്ക് അവരോട് ഒരുമിച്ച് പോരാടണം. അതുകൊണ്ട് ചൈന നമ്മുടെ ഭൂമി കൈയടക്കിയെന്നും നമ്മൾ നടപടിയെടുക്കാൻ പോകുന്നുവെന്നും പ്രധാനമന്ത്രി ഭയപ്പെടാതെ പറയണമെന്നും രാഹുൽ പറഞ്ഞു.

അങ്ങനെ ചെയ്‌താൽ രാജ്യം മുഴുവൻ സർക്കാരിനൊപ്പം നിൽക്കുമെന്ന് പറഞ്ഞ രാഹുൽ ആരാണ് നമ്മുടെ രക്തസാക്ഷികളായ സൈനികരെ ആയുധമില്ലാതെ അതിർത്തിയിലേക്ക് അയച്ചതെന്നും എന്തിന് വേണ്ടിയായിരുന്നു ആ നടപടിയെന്നും വീണ്ടും പ്രധാനമന്ത്രിയോട‌് ആരാഞ്ഞു.