ബംഗളൂരൂ:കൊവിഡ്-19 വൈറസ് ലോകത്തെ ബാധിച്ചിട്ട് മാസങ്ങളായി.ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഇത് വരെ മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകുക എന്നെ മുന്‍കരുതല്‍ മാത്രമാണ് നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍.അതോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതും പ്രധാനമാണ്.ഇതിനായി ഒരു മാർഗം കണ്ടുപിടിച്ചിരിക്കുകയാണ് ബംഗളൂരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയറി ഡേ ഐസ്‌ക്രീം കമ്പനി.
അവരുടെ പുത്തൻ ഐസ്‌ക്രീം ഫ്ലേവർ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ സംസാര വിഷയം.ച്യവനപ്രാശം ഫ്ലേവറിൽ രുചിയുള്ള ഐസ്‌ക്രീം.കേട്ടത് സത്യം തന്നെ.നെല്ലിക്ക, ഈന്തപ്പഴം, തേന്‍ തുടങ്ങിയവയുടെ ഗുണങ്ങള്‍ ചേര്‍ത്താണ് ച്യവനപ്രാശത്തിന്റെ രുചിയുള്ള ഐസ്‌ക്രീം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ഡയറി ഡേ ഐസ്‌ക്രീം പറയുന്നത്. കഴിഞ്ഞ ആഴ്ച വിപണിയിലെത്തിയ ഐസ്‌ക്രീം വിജയിക്കുമോ എന്ന് പറയാറായിട്ടില്ല എങ്കിലും സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് അത്ര അനുകൂല അഭിപ്രായങ്ങളല്ല ലഭിക്കുന്നത്.700ml ച്യവനപ്രാശം ഫ്‌ലേവറിലുള്ള ഐസ്‌ക്രീമിന് 199 രൂപയാണ് വില. ച്യവനപ്രാശത്തിന്റെ രുചിയുള്ള ഐസ്‌ക്രീം അവതരിപ്പിച്ചതോടൊപ്പം മഞ്ഞളിന്റെ രുചിയുള്ള ഐസ്‌ക്രീമും ഡയറി ഡേ അവതരിപ്പിച്ചിട്ടുണ്ട്. മഞ്ഞള്‍, കുരുമുളക്, തേന്‍ എന്നിവയുടെ ഗുണഗണങ്ങള്‍ അടങ്ങിയ ഈ പുത്തന്‍ രുചിയുള്ള ഐസ്‌ക്രീമിനും 700ml-ന് 199 രൂപയാണ് വില.