പ്രസവിച്ചയുടൻ നവജാത ശിശുവിനെ വന്യമൃഗം കടിച്ചുകൊണ്ടുപോയി. ആഗ്രയിലെ ജോധാപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. പൂർണഗർഭിണിയായ യുവതി മലവിസർജ്ജനത്തിനായി വീടിന് പുറത്തെ തുറന്ന സ്ഥലത്ത് ഇരിക്കുന്നതിനിടെയാണ് പ്രസവവേദനയനുഭവപ്പെട്ടത്. തുടർന്ന് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രസവത്തിന് പിന്നാലെ യുവതി അബോധവാസ്ഥയിലായി. ഈ സമയം നവജാത ശിശുവിനെ വന്യമൃഗം കടിച്ചുകൊണ്ടുപോകുകയായിരുന്നു.
തലേന്ന് രാത്രി വരെ പ്രസവവേദനയുടെ ഒരു സൂചനയും ലഭിച്ചിരുന്നില്ല. രാവിലെ പുറത്തിറങ്ങിയ യുവതി തിരിച്ചു
വരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ബന്ധുക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഗ്രാമത്തിലെ എല്ലാ വീട്ടുകാർക്ക് ടോയ്‌ലറ്റ് ഉണ്ട്. ഞങ്ങളുടെ വീട്ടിൽ മാത്രം ടോയ്‌ലറ്റ് ഇല്ല. സാമ്പത്തിക സഹായത്തിനായി അധികൃതരെ ബന്ധപ്പെട്ടപ്പോൾ ആധാർ കാർഡിലെ വിലാസത്തിൽ മാറ്റമുണ്ടെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. എല്ലാ രേഖകളും സമർപ്പിച്ചെങ്കിലും അധികൃതർ ടോയ്‌ലറ്റ് നിർമ്മിക്കാൻ സാമ്പത്തിക സഹായം അനുവദിക്കാൻ തയ്യാറായില്ല.
12 കുടുംബങ്ങളാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. സുനിലിന്റെ വീട് ഒഴികെ മറ്റ് എല്ലാ വീടുകളിലും ടോയ്‌ലറ്റ് സൗകര്യമുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് സുനിൽ മൂത്തമകളും ഭാര്യയുമൊത്ത് രഘുനാഥ്പുര എന്ന സ്ഥലത്തുനിന്നും ഈ ഗ്രാമത്തിലെത്തിയത്. സുനിലിന്റെ ആധാർ വിലാസം രഘുനാഥപുരയായതിനാൽ ജോധാപുരയിൽ ടോയ്‌ലറ്റ് ലഭിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്.