അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവും
ഒരിക്കലും മടുക്കാത്ത കഠിനാദ്ധ്വാനവുമാണ്
കോട്ടയം പ്രദീപിന്റെ വിജയരഹസ്യം
പ്രദീപ് കോട്ടയത്തിന് തുല്യം പ്രദീപ് കോട്ടയം മാത്രം. രൂപത്തിലും സംസാരശൈലിയിലും എന്നുവേണ്ട ഭംഗിയുള്ള കഷണ്ടിത്തലയിൽ പോലും സമാനതകളില്ല. സാക്ഷാൽ ഗൗതം മേനോന്റെ സിനിമയിലൂടെ തുടങ്ങി മലയാളത്തിന്റെ ഇഷ്ട നടനിലേക്കുള്ള യാത്രയിൽ തുണയായതും ആ പ്രത്യേകതകളാണ്. പക്ഷേ, അതിനും വളരെ മുമ്പേ ജൂനിയർ ആർട്ടിസ്റ്റായി പ്രദീപ് സിനിമയുടെ ഭാഗമായിരുന്നു. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവും ഒരിക്കലും മടുക്കാത്ത കഠിനാദ്ധ്വാനവും ഈ വിജയത്തിന് പിന്നിലുണ്ട്. ജീവിതത്തെയും സിനിമയെയും കുറിച്ച് പ്രദീപ് കോട്ടയം സംസാരിച്ചു..
.
പുതിയ സിനിമകളുടെ തിരക്കിലാണോ?
ഓൾഡ് ഈസ് ഗോൾഡ് എന്ന സിനിമയാണ് അടുത്തത്. അങ്ങനെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.
എവിടെ പോയാലും ആളുകൾ തിരിച്ചറിയുന്നില്ലേ?
അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. തിരുവനന്തപുരം മുതൽ കാസർകോട് വരെ എവിടെ പോയാലും ആളുകൾ ഓടി വരും. പ്രത്യേകിച്ചും കോളേജിലൊക്കെ പഠിക്കുന്ന കുട്ടികൾ. കൂടെ നിന്ന് സെൽഫിയെടുക്കും. അവരുടെ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഞാൻ അത്ര വലിയ ആളൊന്നുമല്ല. എന്നിട്ടും അവർ സ്നേഹിക്കുന്നു. കുറച്ചുനാൾ മുമ്പ് ഒരു കല്യാണത്തിന് പോയപ്പോൾ കുറച്ച് പിള്ളേര് പറയുകയാ ''ദേ വരുന്നെടാ... അവിയലുണ്ട്, തോരനുണ്ട്, പുളിശ്ശേരിയുണ്ട്, സാമ്പാറുണ്ട്..." ശരിക്കും ചിരിച്ചുപോയി. പന്ത്രണ്ട് വർഷത്തോളം ജൂനിയർ ആർട്ടിസ്റ്റായിരുന്നു. അന്ന് ഒരു ഡയലോഗ് പോലും കിട്ടിയിട്ടില്ല. വിണ്ണൈത്താണ്ടി വരുവായയ്ക്ക് വേണ്ടി ഗൗതം മേനോനാണ് ആദ്യമായി ഡയലോഗ് തന്നത്. കരിമീനൊണ്ട് കൊഞ്ചൊണ്ട്, കഴിച്ചോളൂ കഴിച്ചോളൂ എന്ന ഡയലോഗ് തന്നെയാണ് ആദ്യം പറഞ്ഞത്. അത് ഇത്രയും ക്ളിക്കായെന്ന് ആലോചിക്കുമ്പോൾ അദ്ഭുതം തോന്നുന്നു. പിന്നീടുവന്ന സിനിമകളിലും ആ പതിവ് തുടർന്നു. ചെറിയ വേഷമായാലും ഡയലോഗിൽ ഒരു പ്രത്യേകത കാണും.
ഗൗതം മേനോനോടാണോ കടപ്പാട്?
അദ്ദേഹത്തോടുള്ള കടപ്പാട് ഒരിക്കലും മറക്കാൻ കഴിയില്ല. ആ സിനിമയിൽ നായികയുടെ നാട് ആലപ്പുഴയിലാണ്. അമ്മാവന്റെ വേഷം അവതരിപ്പിക്കാൻ ഒരു മലയാളിയെ വേണം. അതുകൊണ്ട് മാത്രമാണ് എനിക്ക് നറുക്ക് വീണത്. അല്ലെങ്കിൽ ഇപ്പോഴും ജൂനിയർ ആർട്ടിസ്റ്റായി തന്നെ ഇരുന്നേനെ. എന്നാലും സിനിമ വിട്ട് ഞാൻ പോകില്ല. കാരണം സിനിമയെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ.മലയാളത്തിൽ വിനീത് ശ്രീനിവാസനോടും കടപ്പാടുണ്ട്. വിനീതാണ് തട്ടത്തിൻ മറയത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം തന്നത്. ഗൗതം സാറും വിനീതും എന്റെ രണ്ടു കണ്ണുകളാണെന്ന് പറയാനാണിഷ്ടം. മരണം വരെ അവരെ ഓർക്കും.
ന്യൂജനറേഷൻ സംവിധായകരുടെ സിനിമകളിലാണ് കൂടുതലും അഭിനയിച്ചത്?
അതെ. വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് തുടങ്ങി ഈ തലമുറയിലെ നിരവധി സംവിധായകർക്കൊപ്പം സിനിമകൾ ചെയ്തു. ബേസിലിന്റെ കുഞ്ഞിരാമായണത്തിലും ഗോദയിലും ഞാനുണ്ടായിരുന്നു. എന്റെ മകന്റെ പ്രായമേ ബേസിലിനുള്ളൂ. ഇവരുടെ ഒക്കെ ഒപ്പം ജോലി ചെയ്യുന്നത് എന്ത് രസമാണെന്നറിയുമോ. തട്ടത്തിൻ മറയത്തിലിന്റെ ലൊക്കേഷൻ തലശ്ശേരിയിലായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പോരുമ്പോൾ വിനീതിനെ കെട്ടിപ്പിടിച്ച് കരഞ്ഞു . പുതിയ ആളുകൾക്കൊപ്പമാകുമ്പോൾ ഒരു ടെൻഷനുമില്ല. ഫ്രീയായിട്ട് ജോലി ചെയ്യാൻ പറ്റും. സീനിയർ സംവിധായകരാണെങ്കിൽ കുറച്ച് ടെൻഷൻ കാണും. ജൂനിയർ ആർട്ടിസ്റ്റായിരുന്ന കാലം മുതൽ അവരെ കാണുന്നതല്ലേ.
പ്രേക്ഷകരുടെ മനസിൽ പതിഞ്ഞുപോയൊരു ശബ്ദവും ശൈലിയുമാണ് താങ്കളുടേത്. കഥാപാത്രങ്ങളെ വ്യത്യസ്തമാക്കാൻ ആഗ്രഹമുണ്ടോ?
ആറ് വർഷമായി ഞാൻ കോമഡി റോളുകൾ ചെയ്യുന്നു. ഇനിയൊരു സീരിയസ് കഥാപാത്രം തരണമെന്ന് സംവിധായകരോടൊക്കെ പറയാറുണ്ട്. പ്രദീപേട്ടനെ സീരിയസാക്കുന്ന കാര്യം ആലോചിക്കാൻ പോലും പറ്റില്ലെന്നാണ് എല്ലാവരും പറയുന്നത്. എപ്പോഴും ചിരിച്ച മുഖത്തോടെയിരിക്കുന്ന ചേട്ടൻ എങ്ങനെയാ സീരിയസാകുക എന്നാണ് അവരുടെ ചോദ്യം. ചിലർ കുറച്ചു കൂടി കഴിയട്ടെ എന്ന് പറയും. കോമഡി നടന്മാർക്ക് ഏത് വേഷവും ചെയ്യാനാകുമെന്നാണ് എനിക്ക് തോന്നുന്നത്. മലയാളത്തിൽ തന്നെ അതിന് നിരവധി ഉദാഹരണങ്ങളുണ്ടല്ലോ. ട്രോളുകളുടെയും കോമഡി പ്രോഗ്രാമുകളുടെയും കാലത്ത് ആളുകളെ ചിരിപ്പിക്കാനാണ് ഏറ്റവും പ്രയാസം.
ജീവിതത്തിലും ഈ രീതിയിലാണോ സംസാരിക്കുന്നത്?
ഇതെല്ലാം ലൈവാണ്, ഒരു അസത്യവുമില്ല (പൊട്ടിച്ചിരിക്കുന്നു). ഒരിക്കൽ മമ്മൂക്ക ചോദിച്ചു. പ്രദീപേ ഈ ശബ്ദം ജന്മനാ ഉള്ളതാണോയെന്ന്. അതെയെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് അതിശയം. കോമഡി അഭിനയിക്കുന്ന പല നടന്മാരും ജീവിതത്തിൽ സീരിയസായിരിക്കും? ഞാനത്ര സീരിയസായ ആളൊന്നുമല്ല. വീട്ടിലും ജോളിയായി ഇരിക്കാനാണ് ആഗ്രഹം. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യ മായ. മകൻ വിഷ്ണു , മകൾ വൃന്ദ. ചെറിയ കുടുംബം സന്തുഷ്ട കുടുംബം. മകൾ ബി.ടെക് കഴിഞ്ഞ് മുനിസിപ്പാലിറ്റിയിലെ റവന്യൂ ഡിപ്പാർട്ട്മെന്റിൽ താത്കാലിക ജോലി ചെയ്യുന്നു. വിഷ്ണു ഫാഷൻ ഡിസൈനർ ആണ്. അവന് സംവിധാനത്തോടാണ് താത്പര്യം. ഒന്നു രണ്ട് ഷോർട്ട് ഫിലിമുകളൊക്കെ ചെയ്തിട്ടുണ്ട്. ഒന്നിൽ ഞാനും അഭിനയിച്ചു. പപ്പാ കാമറയ്ക്ക് മുന്നിലും ഞാൻ പിന്നിലുമാണെന്നാ അവൻ പറയുന്നത്.
മകൻ സിനിമയിലേക്ക് വരുന്നതിനോട്?
ആ തീരുമാനത്തിൽ സന്തോഷമേയുള്ളൂ, സിനിമയാണല്ലോ നമ്മുടെ ചോറ്. അല്പം കഷ്ടപ്പാടൊക്കെയുള്ള പരിപാടിയാണെന്ന് അവനോട് പറഞ്ഞിട്ടുണ്ട്.
മിക്ക സൂപ്പർ സ്റ്റാറുകളോടൊപ്പവും അഭിനയിച്ചല്ലോ?
തെരിയിൽ വിജയ്യോടൊപ്പം കോമ്പിനേഷൻ സീനിൽ അഭിനയിക്കാൻ കഴിഞ്ഞു. മലയാളത്തിൽ മമ്മൂക്കയുടെയും ലാലേട്ടന്റെയും ഒപ്പം അഭിനയിച്ചു. പിന്നെ, നിവിൻ പോളി, ജയസൂര്യ, പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയവരോടൊപ്പവും സിനിമകൾ. ഇവരെല്ലാം വളരെ സ്നേഹത്തോടെ ഇടപെടുന്നവരാണ്. അവരുടെ ലാളിത്യം കണ്ട് നമ്മൾ അതിശയിച്ച് പോകും. ദുൽഖറിനൊപ്പം മാത്രം അഭിനയിച്ചിട്ടില്ല
.
അഭിനയിക്കുന്നതിന് മുമ്പ് തയ്യാറെടുപ്പുകൾ നടത്താറുണ്ടോ?
ചെറിയ വേഷമായാൽ പോലും അഭിനയിക്കുന്നതിന്റെ തലേ ദിവസം തിരക്കഥ വായിച്ച് മനസിലാക്കാറുണ്ട്. ചിലപ്പോൾ രാത്രി 2 മണി വരെയൊക്കെ ഇരുന്ന് എങ്ങനെ നന്നായി ചെയ്യാം എന്നാലോചിക്കും. എന്റേതായ ചില സംഭാവനകൾ നൽകാനും ശ്രമിക്കാറുണ്ട്. ചില സംവിധായകർ അത് പ്രോത്സാഹിപ്പിക്കും. മറ്റുചിലർ എല്ലാം തിരക്കഥയിലെ പോലെ വേണമെന്ന് നിർബന്ധമുള്ളവരാണ്.
ദൈവ വിശ്വാസിയാണോ?
തീർച്ചയായും. കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിനടുത്താണ് വീട്. എനിക്ക് വന്നു ചേർന്ന എല്ലാ ഭാഗ്യങ്ങളും കുമാരനല്ലൂർ അമ്മയുടെ അനുഗ്രഹമാണ്.