പ്രതിഷേധം ശക്തം
തൂത്തുക്കുടി: ലോക്ക്ഡൗൺ സമയപരിധി ലംഘിച്ച് കട തുറന്നുവെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത വ്യവസായികളായ അച്ഛനും മകനും കൊല്ലപ്പെട്ടതിനെ തുടർന്ന് തൂത്തുക്കുടിയിൽ സംഘർഷാവസ്ഥ. സാത്തൻകുളം ഉഡങ്ങുടി സ്വദേശികളായ തടിവ്യവസായി പി.ജയരാജ് (63), മൊബൈൽഷോപ്പ് ഉടമയായ മകൻ ഫെനിക്സ് (31) എന്നിവരാണ് മരിച്ചത്.
ഇരുവരെയും പൊലീസ് ക്രൂരമായി ഉരുട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. മരണത്തിന് ഉത്തരവാദികളായ 13 പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തൂത്തുക്കുടിയിലെ വ്യാപാരികളടക്കം കഴിഞ്ഞ ദിവസം കടകളടച്ച് സാത്തൻകുളം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായെത്തി. കർശന നടപടി വേണമെന്ന് തൂത്തൂക്കുടി എം.പി കനിമൊഴിയും ആവശ്യപ്പെട്ടു.
ലോക്ക്ഡൗൺ ഇളവ് അനുസരിച്ചുള്ള സമയപരിധിയായ രാത്രി 9മണി കഴിഞ്ഞിട്ടും തടിക്കട തുറന്നു പ്രവർത്തിച്ചു എന്നാരോപിച്ചാണ് ജയരാജനെ 19ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവരം അറിഞ്ഞ മകൻ ഫെനിക്സ് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് റിമാൻഡ് ചെയ്തു.
തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പാളയംകോട്ടൈ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി ഐസലേഷൻ നടപടിക്കായി കോവിൽപെട്ടി സബ്‌ജയിലിൽ എത്തിച്ചു. രാത്രി മുതൽ രാവിലെ വരെ ഇരുവരെയും ക്രൂരമായി മർദ്ദിച്ചു. തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ഫെനിക്സിനെ കോവിൽപെട്ടി സർക്കാർ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച പുലർച്ചയോടെ മരിച്ചു. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ട ജയരാജിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചയോടെ ഇയാളും മരിച്ചു. അച്ഛനെ മർദ്ദിക്കുന്നത് തടഞ്ഞപ്പോഴാണ് ഫെനിക്സിനും മർദ്ദനമേറ്റതെന്നും രണ്ടാളും തറയിലൂടെ ഉരുണ്ടതിനാലാണ് ആന്തരിക പരിക്കുകൾ ഉണ്ടായതെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. പൊലീസുകാരെ അസഭ്യം പറഞ്ഞെന്നും കൊല്ലാൻ ശ്രമിച്ചെന്നും ആരോപിച്ച് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും മൃതദേഹം സ്വീകരിക്കാൻ ബന്ധുക്കൾ തയ്യാറായില്ല. ഇരുവരുടെയും ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ആവശ്യം.
ഇൻക്വസ്റ്റ് നടത്തിയ കോവിൽപെട്ടി ജുഡുഷ്യൽ മജിസ്ട്രേറ്റ് എം.എസ് ഭാരതിദാസൻ സമഗ്ര അന്വേഷണം നടത്തുമെന്നും നീതി ലഭ്യമാക്കുമെന്നും ഉറപ്പ് നൽകിയതിനെത്തുടർന്നാണ് കുടുംബം മൃതദേഹങ്ങൾ സ്വീകരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കുടുംബാംഗത്തിന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു.