തൃശൂർ: ചന്ദ്രിക ആഴ്ചപ്പതിപ്പിലെ ലേഖനത്തിലൂടെ തിയ്യ സമുദായത്തെ അവഹേളിച്ച പി.ആർ. ഷിത്തോർ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു. തിയ്യ സ്ത്രീകളെ മോശമായി ചിത്രീകരിച്ച ലേഖനം പിൻവലിക്കാൻ ചന്ദ്രിക പത്രാധിപസമിതി തയ്യാറാകണമെന്നും റിഷി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തിയ്യ സ്ത്രീകളെ അഭിസാരികകളായാണ് ലേഖനത്തിൽ പരാമർശിക്കുന്നത്. ഇതിന് ചരിത്രപരമായ യാതൊരു പിൻബലവുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയവരെ ലേഖകൻ അവഹേളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാദങ്ങളും പരാമർശങ്ങളും ചരിത്രപരമായും വസ്തുതാപരമായും തെറ്റാണ്. വിവാദ ലേഖനത്തിന് പിന്നിൽ ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. 1921ലെ മലബാർ വർഗീയകലാപത്തെ സ്വാതന്ത്രസമരമായി ചിത്രീകരിക്കാൻ ചിലർ നടത്തുന്ന കപട നാടകങ്ങളുടെ തുടർച്ചയായി വേണം ഷിത്തോറിന്റെ ലേഖനത്തെ കാണാൻ. തിയ്യ സമുദായക്കാർ ഇസ്ലാംവിരുദ്ധരാണെന്ന് സ്ഥാപിക്കാൻ ലേഖകൻ നടത്തിയ ശ്രമം വർഗീയധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ഷിത്തോറിനെതിരെയും ചന്ദ്രിക മാനേജ്‌മെന്റിനെതിരെയും പൊലീസിന് സ്വമേധയാ കേസെടുക്കാവുന്നതാണ്. എന്നാൽ അതിന് മുതിരാത്ത പൊലീസ് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ചരിത്ര അദ്ധ്യാപകനായ ഷിത്തോർ ചരിത്രത്തെ വളച്ചൊടിക്കുന്നത് ചരിത്രഗവേഷകരോടും വരുംതലമുറയോടുമുള്ള വെല്ലുവിളി കൂടിയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും റിഷി പറഞ്ഞു.