തൃശൂർ: പ്രൊവിഷനിംഗിനായി വൻ തുക മാറ്റിവയ്ക്കേണ്ടി വന്നതോടെ കഴിഞ്ഞ സാമ്പത്തിക വർഷം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലാഭം 58 ശതമാനം ഇടിഞ്ഞു. മുൻവർഷത്തെ 247.53 കോടി രൂപയിൽ നിന്ന് 104.59 കോടി രൂപയായാണ് ലാഭം ഇടിഞ്ഞത്. അവസാനപാദമായ ജനുവരി-മാർച്ചിൽ ബാങ്ക് 143.68 കോടി രൂപയുടെ നഷ്‌ടവും നേരിട്ടു. 2018-19ലെ സമാനപാദത്തിൽ 70.51 കോടി രൂപയുടെ ലാഭം ബാങ്ക് നേടിയിരുന്നു.
സെക്യൂരിറ്രി റെസീറ്റിനായുള്ള മാർക്കറ്ര് ടു മാർക്കറ്ര് പ്രൊവിഷൻ തുകയായി 255 കോടി രൂപയും കൊവിഡുമായി ബന്ധപ്പെട്ട പ്രൊവിഷൻ തുകയായി 76 കോടി രൂപയും നീക്കിവയ്‌ക്കേണ്ടി വന്നതാണ് ലാഭത്തെ ബാധിച്ചതെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.ജി. മാത്യു പറഞ്ഞു. ഈ നീക്കിയിരിപ്പ് ഇല്ലായിരുന്നെങ്കിൽ ലാഭം കഴിഞ്ഞവർഷം 351 കോടി രൂപയും കഴിഞ്ഞപാദത്തിൽ 104 കോടി രൂപയും ആകുമായിരുന്നു. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി മുൻവർഷത്തെ 4.92 ശതമാനത്തിൽ നിന്ന് 4.98 ശതമാനത്തിലേക്ക് ഉയർന്നു.
അതേസമയം, അറ്റ നിഷ്‌ക്രിയ ആസ്‌തി 3.45 ശതമാനത്തിൽ നിന്ന് 3.34 ശതമാനത്തിലേക്ക് താഴ്‌ന്നു. പ്രൊവിഷൻ കവറേജ് റേഷ്യോ 42.46 ശതമാനത്തിൽ നിന്നുയർന്ന് 54.22 ശതമാനമായി. അറ്റ പലിശ വരുമാനം 19 ശതമാനവും പ്രവർത്തനലാഭം 63 ശതമാനവും ഉയർന്നിട്ടുണ്ട്. അറ്റ പലിശ മാർജിൻ കഴിഞ്ഞവർഷം എട്ട് ബേസിസ് പോയിന്റ് മെച്ചപ്പെട്ടു. ബാങ്കിന്റെ മൊത്തം വായ്‌പയുടെ 36 ശതമാനം മോറട്ടോറിയം ആനുകൂല്യം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. മൂലധന പര്യാപ്‌തതാ അനുപാതം (സി.ആർ.എ.ആർ) 12.42 ശതമാനത്തിൽ നിന്നുയർന്ന് 13.41 ശതമാനമായി.