സമ്പദ്‌സ്ഥിതി ഗുരുതരമെന്ന് എസ് ആൻഡ് പി
ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച ഈവർഷം നെഗറ്രീവ് അഞ്ചു ശതമാനത്തിലേക്ക് ഇടിയുമെന്ന് റേറ്രിംഗ് ഏജൻസിയായ എസ് ആൻഡ് പിയുടെ വിലയിരുത്തൽ. സമ്പദ്‌സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നും കൊവിഡ്-19നെ പ്രതിരോധിക്കാനുള്ള ബുദ്ധിമുട്ട്, സർക്കാരിന്റെ നയങ്ങളോടുള്ള തണുത്ത പ്രതികരണം, ധനകാര്യ മേഖലയിലെ അനിശ്ചിതാവസ്ഥ എന്നിവയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നതെന്നും എസ് ആൻഡ് പി അഭിപ്രായപ്പെട്ടു.
2021ൽ വളർച്ച മെച്ചപ്പെടുമെന്നും റിപ്പോർട്ടിലുണ്ട്. ഏഷ്യ-പസഫിക് മേഖലയുടെ വളർച്ച 2020ൽ നെഗറ്രീവ് 1.3 ശതമാനമായിരിക്കും. 2021ൽ പോസിറ്രീവ് 6.9 ശതമാനത്തിലേക്ക് വളർച്ച കുതിച്ചുകയറും. അടുത്ത രണ്ടുവർഷത്തിനിടെ ജി.ഡി.പിയിൽ മൂന്നുലക്ഷം കോടി ഡോളറിന്റെ (ഏകദേശം 230 ലക്ഷം കോടി രൂപ) നഷ്‌ടം മേഖലയ്ക്കുണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കി. അതിനിടെ, അടുത്ത രണ്ടുവർഷങ്ങളിലായി ആഗോള ജി.ഡി.പിയിൽ 12.5 ലക്ഷം കോടി ഡോളറിന്റെ (950 ലക്ഷം കോടി രൂപ) നഷ്‌ടമുണ്ടാകുമെന്ന് ഐ.എം.എഫ് ചീഫ് എക്കണോമിസ്‌റ്ര് ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടു.
2020ൽ ആഗോള ജി.ഡി.പി വളർച്ച നെഗറ്റീവ് 4.9 ശതമാനമായിരിക്കും. 2021ൽ വളർച്ച പോസിറ്രീവ് 5.4 ശതമാനത്തിലേക്ക് മെച്ചപ്പെടുമെന്നും അവർ പറഞ്ഞു. 2020ൽ നെഗറ്രീവ് മൂന്നു ശതമാനം ഇടിവാണ് ഐ.എം.എഫ് ആദ്യം പ്രവചിച്ചിരുന്നത്. 2021ൽ 5.8 ശതമാനം വളർച്ചയും വിലയിരുത്തിയിരുന്നു.