ന്യൂഡല്‍ഹി: രാജ്യത്ത് നാലുലക്ഷത്തിൽ നിന്ന് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക് എത്താൻ എടുത്തത് കേവലം ആറുദിവസം മാത്രം. വെള്ളിയാഴ്ച മാത്രം 17,000 കൊവിഡ് കേസുകളാണു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ മാത്രം വെള്ളിയാഴ്ച രോഗികളുടെ എണ്ണം 5,000 കവിഞ്ഞു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 5,08,068 ആയി.
നാലു ലക്ഷത്തില്‍നിന്നു വെറും ആറു ദിവസത്തിനുള്ളിലാണു കൊവിഡ് കണക്ക് അഞ്ചു ലക്ഷത്തിലേക്ക് എത്തുന്നത്. ജൂണ്‍ പന്ത്രണ്ടിനാണ് ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷമാകുന്നത്. വെറും എട്ടു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം രോഗികള്‍ കൂടി അതേമാസം 20ന്, നാലു ലക്ഷത്തില്‍ എത്തി. ഇവിടെനിന്ന് വെറും ആറു ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷം പിന്നിടുകയായിരുന്നു.
രാജ്യത്ത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണു കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 15,000ല്‍ അധികം പേര് കൊവിഡ് ബാധിച്ച് മരിച്ചുകഴിഞ്ഞു. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നി രാജ്യങ്ങള്‍ മാത്രമാണ് കൊവിഡ് രോഗികളുടെ കണക്കില്‍ ഇന്ത്യക്കു മുന്നിലുള്ളത്.