online-class

പനാജി: ഓൺലൈൻ ക്ലാസ് നടത്തിയ അദ്ധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല കമന്റ് ചെയ്യുകയും ചെയ്തതിന് കേസെടുത്ത് പൊലീസ്. സംഭവത്തില്‍ ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഗോവയിലെ പനാജിയിലാണ് സംഭവം നടന്നത്.

അദ്ധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈന്‍ ക്ലാസിനിടെയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രചാരണത്തിന് പിന്നില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് എസ്.പി പങ്കജ് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പനജിയിലെ സ്‌കൂളിലെ അധ്യാപകര്‍ക്കാണ് ഇത്തരത്തിലെ മോശം അനുഭവം ഉണ്ടായത്. കുട്ടികളില്‍ ചിലര്‍ അദ്ധ്യാപകരെ അപമാനിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് കത്ത് നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷാകര്‍ത്താക്കള്‍ക്ക് കത്ത് നല്‍കിയത്.